കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ ഇടതുമുന്നണി പിന്തുണയ്ക്കും: കാളിഗഞ്ചില്‍ പോരാട്ടം തൃണമൂലിനും ബിജെപിക്കുമെതിരെ
കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ കാളിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ഇടതുമുന്നണി. കോൺഗ്രസ് സ്ഥാനാർത്ഥി കബീൽ ഉദ്ദീൻ ഷെയ്ഖിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ഇന്ന് കൊല്‍ക്കത്തയില്‍ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിക്കുകയായിരുന്നു. , ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ബി ജെ പിയെയും നേരിടുകയെന്നതാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്നും മുന്നണി നേതാക്കള്‍ വ്യക്തമാക്കി. നിലമ്പൂരിനൊപ്പം ജൂണ്‍ 19 നാണ് കാളിഗഞ്ചിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കാളിഗഞ്ച്. എം എൽ എയായിരുന്ന നസീറുദ്ദീൻ അഹമ്മദിന്റെ അപ്രതീക്ഷിത മരണമാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 2011-ലും 2021-ലും ടിഎംസി പ്രതിനിധിയായി വിജയിച്ച നസീറുദ്ദീൻ, 2016-ൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹസനുസ്സമാൻ ഷെയ്ഖിനോട് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 46987 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെ പി സ്ഥാനാർത്ഥി അഭിജിത് ഘോഷിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ അബ്ദുൽ കാസിം മൂന്നാം സ്ഥാനത്തെത്തി.

പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലമാണ് കാളിഗഞ്ച്. എന്നാൽ ഇടതുമുന്നണിയുടെ ഘടകകക്ഷിയായ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) ഇടതുഭരണകാലത്ത് നാല് തവണ ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. 2016-ൽ, ഇടതു-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് ഈ സീറ്റ് നേടിയെങ്കിലും വിജയിച്ച എം എൽ എ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറി.
എ ഐ സി സി കബീൽ ഉദ്ദീൻ ഷെയ്ഖിനെ കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും ആർ എസ് പി ആദ്യം സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം, കോൺഗ്രസിനെ പിന്തുണയ്ക്കാൻ എല്ലാ ഘടകകക്ഷികളും തീരുമാനിക്കുകയായിരുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാളിഗഞ്ച് ഉള്‍പ്പെടുന്ന കൃഷ്ണനഗർ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി എസ് എം സാദി 18%-ലധികം വോട്ടുകൾ നേടിയതിനാൽ ഈ മണ്ഡലത്തിൽ ശക്തമായ പ്രകടനം നടത്താൻ ഇടതുമുന്നണിക്ക് കഴിയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ കാളിഗഞ്ചിൽ, സഖ്യം ശക്തിപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications