ശ്വേത വിഷയം ഇടതുപക്ഷം ഏറ്റെടുക്കുന്നു?
കൊല്ലം: കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി ശശി, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍ വിവാദങ്ങളിലുണ്ടായ ക്ഷീണം മാറ്റാനുറച്ചാണ് ഇടതുപക്ഷം ശ്വേത മേനോന്‍ വിവാദത്തില്‍ ഇടപെടുന്നത് എന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടാനില്ല. ശ്വേത പരാതി തന്നിട്ടില്ല എന്നും പരാതി തന്നാല്‍ നടപടിയെടുക്കും എന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിശദീകരിച്ചിട്ടും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ ഒരു പിശുക്കും കാട്ടാതെയാണ് ഇടതുനേതാക്കള്‍ രംഗത്തുവരുന്നത്.
ശ്വേത മേനോന്‍ ഉപദ്രവിക്കപ്പെട്ട സംഭവം നീചമാണ് എന്നാണ് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. മലമ്പുഴയിലെ എതിര്‍സ്ഥാനാര്‍ഥി ലതി സുഭാഷിനെതിരെ അശ്ലീല കൈമുദ്ര കാട്ടി ഡബിള്‍ മീനിംഗ് ഡയലോഗ് പറഞ്ഞ വി എസിന് കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന കാര്യത്തിലും അതിന് കാരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് എന്ന കാര്യത്തിലും തെല്ലുമില്ല സംശയം.

ഇടതുപക്ഷ യുവജന സംഘടനയായ ഡി വൈ എഫ് ഐയും വെറുതെയിരുന്നില്ല. വെള്ളിയാഴ്ച രാത്രിയിലെ പ്രകടനം പോരാതെ, കുറച്ചുകൂടി ഊര്‍ജ്വസ്വലമായി മറ്റൊരു പ്രകടനം കൂടി കൊല്ലത്ത് നടത്തി. എന്‍ പീതാംബരന്‍ എം പിയുടെ കൊല്ലത്തെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡി വൈ എഫ് ഐ കല്ലേറ് വിവാദത്തിലൊന്നും സംഘടന തളര്‍ന്നില്ലെന്ന് കൂടി കാണിക്കാനുള്ള ശ്രമത്തിലായിരുന്നു എന്ന് വേണം പറയാന്‍.
വിവാദമായ കിളിരൂര്‍ കേസിലെ വി ഐ പിയാര് എന്ന ചോദ്യമൊന്നും കേട്ടിട്ടേയില്ലാത്ത തരത്തിലായിരുന്നു പി കെ ശ്രീമതിയെയും കൊടിയേരി ബാലകൃഷ്ണനും ചാനല്‍ ചര്‍ച്ചകളില്‍ ശ്വേത അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചത്. ശ്വേതയെ അപമാനിച്ചത് ആരായാലും ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമേ ഇല്ലെങ്കിലും ഇടതുനേതാക്കളുടെ മലക്കം മറിച്ചിലും ഇരട്ടത്താപ്പ് പ്രസ്താവനകളും നല്‍കുന്ന അത്ഭുതവും കുറവല്ല.












Click it and Unblock the Notifications