• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച കേസിന് ഉള്‍പ്പടെയുള്ള മാധ്യമ വിലക്ക്; നിയമനടപടി വേണം, ആശങ്ക പങ്കുവച്ച് പ്രമുഖര്‍

കൊച്ചി: ഉന്നതരുള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കുന്ന നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി പ്രമുഖര്‍. മാധ്യമ വിലക്കുകള്‍ ലൈംഗിക അതിക്രമം നേരിട്ടവര്‍ക്ക് ദോഷകരവും പ്രതികള്‍ക്ക് ഗുണകരമാകുകയാണ്. വിലക്കിനെതിരെ മാധ്യമങ്ങള്‍ കോടതിയെ സമീപിക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണരൂപം..

പ്രവണത വര്‍ദ്ധിക്കുന്നു

പ്രവണത വര്‍ദ്ധിക്കുന്നു

ലൈംഗിക പീഡനങ്ങളിലും അതിക്രമങ്ങളിലും ഉള്‍പ്പെട്ടിട്ടുള്ള വലിയ സ്വാധീനമുള്ള പ്രതികള്‍ കേസിന്റെ വിചാരണയെപ്പറ്റി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കുന്ന ഉത്തരവുകള്‍ കോടതികളില്‍ നിന്ന് നേടിയെടുക്കുന്ന പ്രവണത വര്‍ദ്ധിച്ച വരികയാണ്. ഇക്കാര്യത്തില്‍ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യയും പ്രമുഖരായ നിരവധി വ്യക്തികളും അങ്ങേയറ്റം ആശങ്കാകുലരാണ്. ലൈംഗികാതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കൊപ്പം ഞങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊളളുന്നു.

പ്രമുഖനടിക്ക് നേരെ ഉണ്ടായത്

പ്രമുഖനടിക്ക് നേരെ ഉണ്ടായത്

അക്രമങ്ങള്‍ അതിജീവിച്ചവരുടെ സ്വകാര്യതയ്ക്കും അന്തസിനും അങ്ങേയറ്റത്തെ മുന്‍ഗണന നല്‍കുന്നതോടൊപ്പം തന്നെ, ലൈംഗിക അതിക്രമങ്ങളുടെ വിചാരണയുടെ വിവരങ്ങള്‍ വസ്തുതാപരമായും ഉത്തരവാദിത്തത്തോടെയും റിപ്പോര്‍ട്ട് ചെയ്യുന്നത് നീതി നിര്‍വ്വഹണ പ്രക്രിയയെ ശക്തി പ്പെടുത്താന്‍ സഹായകമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വര്‍ദ്ധിച്ച വരുന്ന ഈ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഒരു പ്രമുഖനടിക്ക് നേരെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ലൈംഗികാക്രമണമാണ്.

അടക്കിവാഴുന്ന സൂപ്പര്‍ താരം

അടക്കിവാഴുന്ന സൂപ്പര്‍ താരം

ഈ കേസിന്റെ വിചാരണ എറണാകുളത്തെ ഒരു കോടതിയില്‍ നടക്കുകയാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന നടിയെ 2017 ഫെബ്രുവരിയില്‍ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ഓടി കൊണ്ടിരിക്കുന്ന കാറില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനി മലയാള സിനിമാരംഗം അടക്കിവാഴുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണെന്നാണ് കേരള പൊലീസിന്റെ അന്വേഷണത്തില്‍ നിന്നു വെളിപ്പെട്ടത്.

പ്രതി പരാതി നല്‍കി

പ്രതി പരാതി നല്‍കി

ഈ കേസിന്റെ സ്വകാര്യവിചാരണ (ഇന്‍- കാമറ വിചാരണ) 2020 ജനുവരിയിലാണ് തുടങ്ങിയത്. എന്നാല്‍ 2020 മാര്‍ച്ചില്‍ വിചാരണയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കുന്ന ഉത്തരവ് പ്രതി കോടതിയില്‍ നിന്നു നേടിയെടുത്തു. ഈ ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചു കൊണ്ട് സപ്തംബറില്‍ ഇതേ കോടതിയില്‍ പത്തു മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും സിനിമ രംഗത്തെ അഞ്ചു പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതി പരാതി നല്‍കി. ഇതിലെ വാദവും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

 സ്ഥിരം പരിപാടിയായി

സ്ഥിരം പരിപാടിയായി

ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകള്‍ പ്രതികള്‍ നേടിയെടുക്കുന്നത് ഇപ്പോള്‍ ഒരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരു സീനിയര്‍ എഡിറ്റര്‍ ഗോവയിലെ ഒരു കോടതിയില്‍ നിന്ന് ഇങ്ങനെയൊരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. അതുപോലെ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് കോട്ടയത്തെ സെഷന്‍സ് കോടതിയില്‍ നിന്ന് സമാനമായ ഉത്തരവ് നേടിയിട്ടുണ്ട്.

ലൈംഗിക ചൂഷണ ആരോപണം

ലൈംഗിക ചൂഷണ ആരോപണം

2019 മാര്‍ച്ചില്‍ ഒരു രാഷ്ടീയക്കാരനെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അയാള്‍ തന്റെ 'മാന്യതയെ കളങ്കപ്പെടുത്തുന്നതും ' തന്നെ 'അവമതിക്കുന്നതും' ആയ വാര്‍ത്തകള്‍ കൊടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു താല്‍ക്കാലിക ഉത്തരവ് 49 മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ബാംഗ്ലൂരിലെ സെഷന്‍സ് കോടതിയില്‍ നിന്ന് നേടിയിരുന്നു.. അടുത്ത മാസം കര്‍ണാടക ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി.

ലൈംഗികാതിക്രമം

ലൈംഗികാതിക്രമം

മുംബയിലെ ഒരു വ്യവസായ പ്രമുഖനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തെപ്പറ്റി ലേഖനങ്ങളും അഭിപ്രായങളും എഴുതുന്നത് തടഞ്ഞു കൊണ്ട് 2017 ല്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് ദല്‍ഹി ഹൈക്കോടതി 2020 ജൂലായില്‍ റദ്ദു ചെയ്തു. സുപ്രീം കോടതിയിലെ ഒരു മുന്‍ജഡ്ജി ക്കെതിരെ ഒരു ടെയ്‌നി അഭിഭാഷക നല്‍കിയ പരാതിയുടെ വാര്‍ത്ത കൊടുക്കുന്നതിനെതിരെ ദല്‍ഹി ഹൈക്കോടതി 2014 ല്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

 മാനനഷ്ടത്തിനു കേസ്

മാനനഷ്ടത്തിനു കേസ്

ഈ വര്‍ഷം തുടക്കത്തില്‍ ഒരു രാജ്യസഭാംഗത്തിന്റെ മകനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നപ്പോള്‍ അതിനെപ്പറ്റി ലേഖനങ്ങള്‍ എഴുതുന്നതിനെതിരെ ദല്‍ഹിയിലെ ഒരു കോടതി പല പ്രസിദ്ധീകരണങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്കെതിരെ പരാതിപ്പെട്ട വ്യക്തിക്കെതിരെയും ചില പ്രസിദ്ധീകരണങ്ങള്‍ക്കെതിരെയും മാനനഷ്ടത്തിനു കേസുകൊടുക്കയും ചെയ്തു അയാള്‍. ബലാല്‍സംഗക്കേസുകളുടെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മധ്യമങളെ വിലക്കാന്‍ പ്രതികള്‍ നടത്തുന്ന ഉദ്യമങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിനു തന്നെ വലിയൊരു വെല്ലുവിളിയായി മാറുകയാണ്.

മലയാള സിനിമാനടന്‍

മലയാള സിനിമാനടന്‍

നടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നു പറയുന്ന കേസില്‍ 'സ്വകാര്യമായി നടക്കുന്ന വിചാരണയെപ്പറ്റി നിരന്തരം വാര്‍ത്ത കൊടുക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ' തന്റെ സല്‍പ്പേരു തകര്‍ക്കാന്‍ മാധ്യമങ്ങള്‍ മന:പൂര്‍വ്വം ശ്രമിക്കകയാണെന്നും അത് ന്യായമായ വിചാരണയ്ക്കുള്ള തന്റെ അവകാശങ്ങള്‍ക്കു വിരുദ്ധമാണെന്നും കുറ്റാരോപിതനായ മലയാള സിനിമാനടന്‍ കോടതിയില്‍ പരാതി നല്‍കിയതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിരോധാഭാസം

വിരോധാഭാസം

കോടതിയില്‍ അയാള്‍ നല്‍കിയ പരാതി തന്നെ മതി ഇക്കാര്യത്തിലെ വിരോധാഭാസം മനസ്സിലാകാന്‍ .ലൈംഗിക പീഡന കേസുകളില്‍ വിചാരണ സ്വകാര്യമായിരിക്കണമെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ 327 (2) വകുപ്പ് പറയുന്നു; കോടതിയില്‍ നിന്നു മുന്‍കൂട്ടി അനുവാദം വാങ്ങാതെ വിചാരണയെ പറ്റിയുള്ള വാര്‍ത്തകള്‍ കൊടുക്കരുത് എന്ന് 327 (3) പറയുന്നു.

 സല്‍ പേര് സംരക്ഷിക്കാനല്ല

സല്‍ പേര് സംരക്ഷിക്കാനല്ല

ഈ വ്യവസ്ഥകള്‍ കൊണ്ടുവന്നത്, ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കുന്ന സ്ത്രീകളെ അപമാനിക്കുകയും, അവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അല്ലാതെ ലൈംഗികാതിക്രമകുറ്റം ആരോപിക്കപ്പെട്ട ഒരാളുടെ സല്‍ പേര് സംരക്ഷിക്കാനല്ല. സ്ത്രീകള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ ഇത്തരം നിയമങ്ങളുടെ സംരക്ഷണം തേടുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ട്. കേസിന്റെ ഗതിയും പൊതുജനാഭിപ്രായവും മാറ്റിമറിക്കാന്‍ കഴിയുന്നവരാണ് സ്വാധീനമുള്ള ഇക്കൂട്ടര്‍.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു

നടിയുടെ കേസില്‍ കുറ്റാരോപിതനായ സിനിമാ നടന്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീതിക്കാനും ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. അയാള്‍ക്ക് അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദു ചെയ്യാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ' കേസിലെ മുഖ്യപ്രതികളിലൊരാളായ ഈ നടനെതിരെ മുമ്പ് മൊഴി നല്‍കിയ പലരും പിന്നീട് കോടതിയില്‍ മൊഴിമാറ്റിയതായി പ്രോസിക്യൂഷന്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷി വരെ മൊഴി തിരുത്തി.

സ്വാധീനിക്കാന്‍ ശ്രമിക്കുന്നു

സ്വാധീനിക്കാന്‍ ശ്രമിക്കുന്നു

കുറ്റാരോപിതനായ നടന്‍ കേസിലെ മറ്റൊരു പ്രതിയായ . പള്‍സര്‍ സുനിയുമായി ടെന്നീസ് ക്ലബ്ബില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നത് താന്‍ കണ്ടു എന്നു മൊഴി നല്‍കിയ ഒരാളെ തൃശൂരിലെ ഒരു അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു ' എന്ന് മലയാള മനോരമ ഓണ്‍ലൈനില്‍ 15.സപ്തംബര്‍, 20 നു വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീഷണി

ഭീഷണി

താന്‍ മുന്‍പ് നല്‍കിയ മൊഴിമാറ്റണമെന്നു ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളില്‍ ഒരാള്‍ സപ്തംബര്‍ അവസാനം പൊലീസില്‍ പരാതി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു മാത്രമല്ല. കേസിലെ സാക്ഷികള്‍ മൊഴിമാറ്റുന്നതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട പല മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ കുറ്റാരോപിതനായ നടന്‍ വക്കീല്‍ നോട്ടീസ് അയച്ചതായും അറിയുന്നു.

വിലക്കുത്തരവുകളും ഉത്തരവാദിത്തമുള്ള റിപ്പോര്‍ട്ടിങ്ങും

വിലക്കുത്തരവുകളും ഉത്തരവാദിത്തമുള്ള റിപ്പോര്‍ട്ടിങ്ങും

ആണധികാരം വലിയ തോതില്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ഒരു പരിധി വരെ അവബോധം സൃഷ്ടിക്കുന്നതില്‍ സ്ത്രീകളുടെ അവകാശങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ വിജയിച്ചിട്ടുണ്ടന്ന കാര്യം എടുത്തു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ തുടരുന്നവര്‍ക്കെതിരെ നടപടികളെടുക്കാന്‍ ഭരണകൂടങ്ങള്‍ക്കും പൊലീസിനും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായകമാകുന്നത് ഇത്തരത്തില്‍ പ്രബുദ്ധരായ പൊതുജനങ്ങളും ചുമതലാ ബോധമുള്ള മാധ്യമങ്ങളുമാണ്.

അഭിപ്രായ രൂപീകരണം

അഭിപ്രായ രൂപീകരണം

വാര്‍ത്തകളും വിവരങ്ങളും ലഭ്യമല്ലാതെ വന്നാല്‍ സമൂഹത്തില്‍ അഭിപ്രായ രൂപീകരണം അസാദ്ധ്യമാകും. സാമൂഹ്യമാധ്യമങളെയും വാര്‍ത്താ മാധ്യമങ്ങളെയും ഞെരുക്കിയൊതുക്കാന്‍ ലൈംഗിക അതിക്രമക്കേസുകളിലെ പണവും സ്വാധീനവുമുള്ള പ്രതികള്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെ വലിയൊരു ഭാഗം അവര്‍ക്കൊപ്പമാണെന്നു ഓര്‍ക്കേണ്ടതുണ്ട്.. ബലാല്‍സംഗക്കേസുകളില്‍ വിചാരണ സ്വകാര്യമായി നടക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങള്‍ മാനിക്കുന്നു.

 പ്രശംസിക്കുന്നു

പ്രശംസിക്കുന്നു

അതേസമയം, 'കോടതിയുടെ മുന്‍കൂര്‍ അനുവാദത്തോടെ ' ഇത്തരം വിചാരണകളുടെ വാര്‍ത്തകള്‍ പരിമിതമായ രീതിയില്‍ നല്‍കാന്‍ ക്രിമിനല്‍ നടപടിക്രമങ്ങളുടെ 327 ( 3 ) വകുപ്പില്‍ വ്യവസ്ഥയുണ്ടല്ലോ. നിരുത്തരവാദപരമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെ കോടതികള്‍ പുലര്‍ത്തുന്ന ജാഗ്രത ഞങ്ങള്‍ മനസ്സിലാക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതേസമയം, ഇത്തരം കേസുകളില്‍ സാക്ഷികളുടെ അസാന്നിദ്ധ്യം, മൊഴിമാറ്റം, വാദികള്‍ക്കെതിരെയുള്ള പ്രതികളുടെ അക്രമാസക്തമായ പെരുമാറ്റങ്ങള്‍ തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവരുടെയും വെല്ലുവിളികളെ അതിജീവിച്ച് നീതിക്കു വേണ്ടി കോടതിയെ സമീപിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും നന്മ മുന്‍ നിര്‍ത്തി അനുവദിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു

ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍ക്കുന്നതില്‍ നിന്നു മാധ്യമങളെ വിലക്കുന്ന ഉത്തരവുകള്‍, ആണ്‍കോയ്മ നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍, ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് ദോഷകരവും പ്രതികള്‍ക്ക് ഗുണകരവുമായി മാറും. ഇത്തരം ഉത്തരവുകളാല്‍ നിശ്ശബ്രാക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങള്‍ അതിനെതിരെ കോടതിയെ സമീപിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതികളുടെ ഭീഷണികള്‍ക്കും ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെ ഇത്തരം കേസുകള്‍ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഞങ്ങള്‍ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു. നീതി, നമുക്ക് എല്ലാവര്‍ക്കുമറിയുന്നതു പോലെ, ലഭ്യമാകുക തന്നെ വേണം. അതിനുമപ്പുറം, നീതിന്യായനിര്‍വഹണം കഴിയുന്നിടത്തോളം സുതാര്യമായിത്തന്നെ നടക്കുന്നുവെന്ന് നാം ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

English summary
Legal action should be taken against the media ban in sexual harassment cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X