ലീഗൽ ബ്രെയിൻ പ്രയോഗം രാഹുൽ മാങ്കൂട്ടത്തിലിനെ വെളളപൂശാൻ;രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്ന കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അദ്ദേഹത്തിൻ്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. ഉയർന്നുവന്ന പരാതിയ്ക്ക് പിന്നിൽ 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
'യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഉയർന്നുവന്ന പരാതിയ്ക്ക് പിന്നിൽ 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും പറയുന്നത് കുറ്റങ്ങളെ വെള്ള പൂശാനുള്ള പാഴ്ശ്രമമാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഒരു പരാതി ലഭിച്ചാൽ അത് അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്തമാണ്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പരാതി നൽകിയവരെയും അതിന് പിന്നിലെ നിയമവശങ്ങളെയും ഭയക്കുന്നത് എന്തിനാണ്? സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഏത് 'ലീഗൽ ബ്രെയിനി'നെയും നേരിടാൻ കെപിസിസിക്ക് സാധിക്കണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അവിടെ രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കുന്ന രീതി ഈ സർക്കാരിനില്ല. തെറ്റ് ചെയ്തവർ ആരായാലും നടപടി നേരിടേണ്ടി വരും. പുകമറ സൃഷ്ടിച്ച് യഥാർത്ഥ വിഷയം വഴിതിരിച്ചുവിടാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയും', ശിവൻകുട്ടി പറഞ്ഞു.
അതേസമയം രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി ആസൂത്രിതമെങ്കിൽ എന്തിനാണ് കെ പി സി സി പ്രസിഡണ്ട് തൻ്റെ കയ്യിൽ കിട്ടിയ ആ പരാതിയുടെ കോപ്പി ഡി.ജി.പിക്ക് കൈമാറിയതെന്ന് കെ ടി ജലീൽ എം എൽ എ ചോദിച്ചു. തനിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറി, അല്ലാതെ പാർട്ടി അന്വേഷിക്കാൻ നിൽക്കുകയല്ല ചെയ്തതെന്ന് വീരസ്യം പറഞ്ഞത് എന്തിനായിരുന്നു? ആദ്യം അത് വായിച്ചപ്പോൾ അഭിഭാഷകൻ കൂടിയായ സണ്ണി ജോസഫ് സാറിന് അതിൻ്റെ പിന്നിൽ "ലീഗൽ ബ്രെയ്ൻ" ഉള്ളത് മനസ്സിലായില്ലെ? രണ്ടാം പരാതി ആസൂത്രിതമാണെങ്കിൽ ഒന്നാം പരാതി സത്യസന്ധമാണെന്നല്ലേ കോൺഗ്രസ് കരുതുന്നതെന്നും ജലീൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന് എന്നാണ് കെ പി സി സി അധ്യക്ഷൻ രാവിലെ പറഞ്ഞത്.രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും പരാതി വെൽ ഡ്രാഫ്റ്റാണെന്നും അത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications