Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ നഗരമധ്യത്തില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, പോലിസ് ലാത്തി വീശി

തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്.

കണ്ണൂര്‍: നഗരമധ്യത്തില്‍ പുലിയിറങ്ങി പരിഭ്രാന്തി പരത്തി. തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടമാണ് പ്രദേശത്തെത്തിയത്. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

പുലി വന്നത് ഇങ്ങനെ

ഗുഡ്‌സ് ട്രെയിനിലാണ് പുലിയെത്തിയതെന്ന് സംശയിക്കുന്നു. ഗുഡ്‌സ് ട്രെയിനില്‍ കയറി കൂടിയ പുലി ഇവിടെ ചാടിയതായിരിക്കാമെന്നാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. മുമ്പും സമാനമായ രീതിയില്‍ പുലിയെ ഈ ഭാഗത്ത് കണ്ടിരുന്നു. ഇന്നലെ രാവിലെ സമീപത്തെ വീട്ടുമുറ്റത്ത് പുലിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റത് ഇവര്‍ക്ക്

തായത്തെരു സ്വദേശി അന്‍സീര്‍, ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവരടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. പുലിയെ മയക്കുവെടി വച്ച് കീഴ്‌പെടുത്താനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.

ജനം കൂടി നില്‍ക്കുന്നു, പുലി കാട്ടിലും

എന്നാല്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് കാരണം പുലി പുറത്തിറങ്ങി വരുന്നില്ല. വനം വകുപ്പിന്റെ ഷൂട്ടിങ് വിദഗ്ധരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളെ മാറ്റാനുള്ള പോലിസ് ശ്രമം ഏറെ നേരത്തിന് ശേഷവും വിജയിച്ചിട്ടില്ല.

പോലിസ് ലാത്തി വീശി

ജനങ്ങളോട് ദൂരെ പോവാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടും ജനമൊഴിഞ്ഞുപോവാത്തതാണ് പോലിസിനെ കുഴക്കിയത്. തുടര്‍ന്ന് പോലിസ് നേരിയ തോതില്‍ ലാത്തി വീശി. ഓടിമാറിയ ജനങ്ങള്‍ വീണ്ടും തിരിച്ചെത്തി. വൈകുന്നേരമായിട്ടും ഒന്നും ചെയ്യാന്‍ പറ്റാതെ പോലിസ് കുഴങ്ങിയിരിക്കുകയാണ്.

പൊന്തകാട്ടില്‍ പുലി പതിങ്ങിയിരിക്കുന്നു

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പൊന്തകാട്ടില്‍ പുലി പതിങ്ങിയിരിക്കുകയാണ്. ആളുകളെ കണ്ട പുലി പുറത്തിറങ്ങാത്തതാണ് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ടാക്കിയത്. ഇടയ്ക്ക് രണ്ടുതവണ ട്രെയിന്‍ പോയി. അപ്പോള്‍ മാറിയ ജനം വീണ്ടും ഒരുമിച്ചുകൂടിയതോടെയാണ് പോലിസ് നേരിയ തോതില്‍ ലാത്തി വീശിയത്.

മലപ്പുറത്തും പുലി?

വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മലപ്പുറം തിരൂരിനടുത്ത പുറത്തൂരില്‍ പുലിയിറങ്ങിയിരുന്നു. കാടില്ലാത്ത ഈ പ്രദേശത്ത് എങ്ങനെ പുലി എത്തിയെന്നായിരുന്നു സംശയം. പുലിമുട്ട് നിര്‍മിക്കാന്‍ കല്ലു കൊണ്ടുവന്ന ലോറിയില്‍ കയറി കൂടിയ പുലിയാവാം ഇവിടെ എത്തിയതെന്നായിരുന്നു ഒടുവില്‍ പോലിസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+