സംസ്ഥാനം പകർച്ച വ്യാധി ഭീതിയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരുന്നു
കോഴിക്കോട്: പ്രളയജലമിറങ്ങുമ്പോള്‍ കേരളം ഏറ്റവും അധികം ഭയന്നത് പകര്‍ച്ച വ്യാധികള്‍ പടരുന്നതിനെ കുറിച്ചായിരുന്നു. മാലിന്യവും ചെളിവെള്ളവും കൂടിക്കുഴഞ്ഞ് കിടക്കുന്ന പ്രളയബാധിത പ്രദേശങ്ങള്‍ പകര്‍ച്ച വ്യാധികള്‍ അപകടകരമാം വിധത്തില്‍ പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഇടങ്ങളാണ്.
പ്രളയബാക്കിയായി കേരളത്തെ ആശങ്കയില്‍ ആഴ്ത്തുന്നത് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന എലിപ്പനിയാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

എലിപ്പനി പടരുന്നു
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ അതിവേഗത്തിലാണ് എലിപ്പനി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 23 ആണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ഓഗസ്റ്റില്‍ 12 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

പനി പടരുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി പടരാതിരിക്കാന്‍ വേണ്ട മുന്നറിയിപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വേഗം ചികിത്സ തേടണം
നാല് ലക്ഷത്തില്‍ അധികം പ്രതിരോധ മരുന്നുകളാണ് കോഴിക്കോട് ജില്ലയില്‍ മാത്രം വിതരണം ചെയ്തിരിക്കുന്നത്. പലരും പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രളയജലത്തില്‍ ഇറങ്ങിയവര്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

മരണ സാധ്യത കൂടുതൽ
തിരുവനന്തപുരത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴ് പേര്‍ക്കും ആലപ്പുഴയില്‍ നാല് പേര്‍ക്കും എറണാകുളത്ത് രണ്ട് പേര്‍ക്കും തൃശൂരില്‍ രണ്ട് പേര്‍ക്കും കാസര്‍കോട്ട് മൂന്ന് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇതുവരെ 97 മരണം
എലിപ്പനി ലക്ഷണങ്ങളുമായി വെള്ളിയാഴ്ച 134 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആണ്. കുട്ടനാട്ടില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ സിപിഎം ആലപ്പുഴ നടുഭാഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് വി ഷിബു മരിച്ചതും എലിപ്പനി പിടിപെട്ടാണ്.

പ്രതിരോധ മരുന്ന് കഴിക്കണം
പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവരും അവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം. എലിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ വിസര്‍ജ്യം വലിയ തോതില്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ എലിപ്പനി സാധ്യത വളരെ അധികമാണ്.












Click it and Unblock the Notifications