ബൽറാമിന്റെ ആ കയ്യടി മോദിക്ക് തന്നെയിരിക്കട്ടെ, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക, മറുപടിയുമായി എംബി രാജേഷ്
സോഷ്യൽ മീഡിയയിൽ വാക്പോര് തുടർന്ന് മന്ത്രി എംബി രാജേഷും കോൺഗ്രസ് നേതാവ് വിടി ബൽറാമും. എകെജിയെ അധിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങളിൽ ബൽറാം ഇപ്പോഴും തിരുത്തലിന് തയ്യാറാകുന്നില്ലെന്നും ന്യായം പറയുകയാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.
വാളയാർ കുട്ടികളുടെ വീട്ടിൽ താൻ പോയില്ല എന്നുളള കല്ല് വെച്ച നുണയാണ് ബൽറാം ആവർത്തിക്കുന്നത്. സംഘപരിവാറിന്റെ ആരോപണം ആണ് ബൽറാം ഏറ്റെടുത്ത് പറയുന്നത് എന്നും ഫേസ്ബുക്കിലല്ല തെരുവിൽ പോരാട്ടം എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംബി രാജേഷ് പറയുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: ശ്രീ. ബൽറാമിന്റെ മറുപടി കണ്ടു. ബലേ ഭേഷ് ! അല്പമെങ്കിലും സ്വയം വിമർശനം പ്രതീക്ഷിച്ചു. പക്ഷേ ഒരു മാറ്റവുമില്ല. എകെജിയെ നീചമായി അധിക്ഷേപിച്ചത് തക്കതായ പ്രകോപനം മൂലം! തിരുത്താൻ ഇപ്പോഴും ദുരഭിമാനം സമ്മതിക്കുന്നില്ല. മീരയെ "പ്രിയപ്പെട്ട എഴുത്തുകാരി" എന്ന പരിഹാസം. ഇൻവെർട്ടഡ് കോമയിൽ ഇട്ടതുകൊണ്ട് മീര മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി അല്ലാതാവുമോ? മുല്ലപ്പള്ളിയെ വിളിച്ചതിനും മൗനം. അവിടെയും കുറ്റബോധമില്ല. സുകുമാരൻ നായർക്ക് ചാർത്തിക്കൊടുത്ത വിശേഷണത്തിനും ന്യായമുണ്ട് കേട്ടോ.

നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കെട്ടിച്ചമച്ച നിയമന വിവാദത്തിൽ വേണ്ടത്ര വ്യക്തിഹത്യ നടത്താൻ കഴിയാത്ത 'പരിമിതി'യിലാണ് അദ്ദേഹത്തിന് ഖേദം. വാളയാർ കുട്ടികളുടെ കാര്യത്തിൽ, തൃത്താലയിൽ ഉടനീളം വോട്ടു പിടിക്കാൻ കൊണ്ടുനടന്നയാളെ കൈവിടാൻ അദ്ദേഹത്തിന് കഴിയില്ലല്ലോ. പക്ഷേ അല്പമെങ്കിലും സത്യസന്ധത ബാക്കിയുണ്ടായിരുന്നെങ്കിൽ "കുട്ടികൾ മരിച്ചിട്ടും സ്ഥലം എംപിയായിരുന്ന രാജേഷ് വീട്ടിൽ പോയില്ല " എന്ന് കല്ലുവെച്ച നുണ ഒരു കൂസലുമില്ലാതെ ആവർത്തിക്കുമോ?
പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്ത അങ്ങനെ ഒരു നുണയുടെ സ്രഷ്ടാവ് മുൻ ബിജെപി ജില്ലാപ്രസിഡന്റ് ആണ്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കള്ളം ഏറ്റുപിടിച്ച ഒരേയൊരു കോൺഗ്രസ് നേതാവാണ് ശ്രീ. വി ടി ബൽറാം. അതാണ് അന്തർധാര. താൻ ഫേസ്ബുക്കിൽ സംഘപരിവാറിനെതിരെ ഘോരഘോരം യുദ്ധം ചെയ്യുന്നു എന്നാണ് അവകാശവാദം. ഫേസ്ബുക്ക് ഉണ്ടാകുന്നതിനു മുമ്പേ തുടങ്ങിയതാണ് സംഘപരിവാറിനെതിരായ എൻറെ എഴുത്തും പ്രസംഗവുമെല്ലാം എന്നുമാത്രം ഓർമിപ്പിക്കട്ടെ. ഫേസ്ബുക്കിലും അതിനു പുറത്ത് ഇന്ത്യൻ എക്സ്പ്രസ്, ഔട്ട്ലുക്ക്, ദി വയർ തുടങ്ങിയ ഇന്ത്യയിലെ മുൻനിര പ്രസിദ്ധീകരണങ്ങളിലും മലയാളത്തിലെ എല്ലാ പ്രസിദ്ധീകരണങ്ങളിലും സംഘപരിവാറിനെതിരെ എഴുതിയിട്ടുണ്ട്.
പാർലിമെൻ്റിലുണ്ടായിരുന്നപ്പോൾ നേർക്കുനേർ തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. എഫ് ബിക്കു പുറത്ത്,തെരുവിൽ,മണ്ണിൽ ചവുട്ടിനിന്ന് ആ പോരാട്ടം നടത്തുന്നവരാണ് ഞങ്ങൾ കമ്യൂണിസ്റ്റുകാർ. അവർ തന്നെ നിശ്ചയിച്ച മൂന്ന് ആഭ്യന്തര ശത്രുക്കളിൽ പ്രഥമ സ്ഥാനത്തുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നറിയാൻ ചരിത്ര ബോധം മതി.തൃത്താലയിൽ നിന്ന് ജയിച്ച് സ്പീക്കർ ആയിരിക്കുമ്പോഴാണ് മലബാർ കലാപം സംബന്ധിച്ച് എന്റെ പ്രസംഗവും ഔട്ട്ലുക്ക് ലേഖനവും സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. ശിവഗിരിയിൽ കഴിഞ്ഞ വർഷം നടത്തിയ പ്രസംഗം വി.മുരളീധരൻ ഉൾപ്പെടെയുള്ളവരെ എത്ര രോഷം കൊള്ളിച്ചുവെന്ന് ബൽറാമിനും അനുയായികൾക്കും മാത്രമേ ഓർമ്മ കാണാതിരിക്കു.
ഫേസ്ബുക്ക് കുറിപ്പും ആനുകാലികങ്ങളിലെ ലേഖനങ്ങളും മാത്രമല്ല, സംഘപരിവാറിനെതിരെ പുസ്തകങ്ങളും എന്റേതായുണ്ട് എന്ന് വിനീതമായി ഓർമിപ്പിക്കട്ടെ. ഒന്നിന്റെ പേര്, സംഘപരിവാറും കോർപ്പറേറ്റ് രാഷ്ട്രീയവും എന്നാണ്. ഡിസി പ്രസിദ്ധീകരിച്ച മറ്റൊന്നിന്റെ പേര് നിശബ്ദരായിരിക്കാൻ എന്ത് അവകാശം ? എന്നും. പുതിയൊരു പുസ്തകം കൂടി ഉടൻ വരാനുണ്ട് എന്നും അറിയിക്കട്ടെ. രക്തസാക്ഷിയായ ഗൗരി ലങ്കേഷിനെ കുറിച്ച് അദ്ദേഹത്തിൻറെ മുൻ പങ്കാളി എഴുതിയ പുസ്തകത്തിൽ സംഘപരിവാറിനെതിരായ എൻറെ നിലപാടുകളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചതും ഓർമിപ്പിക്കട്ടെ.
ഇതുകൊണ്ടൊക്കെയാണല്ലോ സംഘപരിവാർ ട്രോൾ ആർമി എനിക്ക് ഒരു ഓമനപ്പേര് ചാർത്തിതന്നതും ബൽറാം സേന അവർക്കൊപ്പം എന്നെ അധിക്ഷേപിക്കാൻ അതേ പേര് തന്നെ ഉപയോഗിക്കുന്നതും. ഇവർ ഇരു കൂട്ടരും ഒരേ താളത്തിൽ കോറസ്സായി ആ അധിക്ഷേപ പേര് വിളിച്ച് എൻ്റെ രാഷ്ട്രീയ ശരി അംഗീകരിക്കുന്നത് ഒരു ബഹുമതിയാണ്.സവർണ്ണ പ്രമാണിമാർ സഹോദരനയ്യപ്പനെ പുലയനയ്യപ്പൻ എന്ന് വിളിച്ചതുപോലൊരു വിളിയായാണ് നിങ്ങളുടെ ആ വിളിയെ കണക്കാക്കുന്നത്. സംഘപരിവാറിനെ മുഖ്യമായി എതിർക്കുമ്പോഴും എല്ലാ വർഗ്ഗീയതയുടേയും ആപത്തും ഞാൻ ചൂണ്ടിക്കാണിക്കാറുണ്ട്.
ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവർക്ക് എന്നോടുള്ള വിരോധത്തിൻ്റെ കാരണം അതാണ്.ബൽറാമും ഞാനുമായുള്ള പ്രധാന വ്യത്യാസവും അതാണ്.ഇത്രയൊക്കെ ഓർമ്മിപ്പിക്കേണ്ടി വന്നത് അദ്ദേഹത്തിൻ്റെ തെറ്റായ പരാമർശങ്ങൾക്ക് മറുപടിയായിട്ടാണ്. പിന്നെ,അനുരാഗ് താക്കൂറുമായി പാർലിമെൻ്റിലുള്ളപ്പോഴത്തെ പരിചയത്തെക്കുറിച്ച് പിന്നീട് എഴുതിയത് രാഹുൽ ഗാന്ധി ഒരിക്കൽ നരേന്ദ്രമോദിയെ ആശ്ലേഷിച്ചതുപോലെയൊരു തെറ്റായി എന്ന് ഞാൻ പരസ്യമായി നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ദുരഭിമാനമൊട്ടുമില്ലാതെ.
നോട്ട് നിരോധനത്തെ ചാടി വീണ് പിന്തുണച്ചതിലും നരേന്ദ്ര മോദിയുടെ കള്ളപ്പണ വേട്ടയ്ക്ക് കയ്യടിച്ചതിലും തെറ്റുപറ്റിയെന്ന് എനിക്കുള്ള മറുപടിയിലെങ്കിലും ശ്രീ.ബൽറാം സമ്മതിച്ചിട്ടുണ്ടോ? ഇല്ലേയില്ല! ആ കയ്യടി പിൻവലിക്കണ്ട. നരേന്ദ്ര മോദിക്കു തന്നെയിരിക്കട്ടെ. ശ്രീ.ബൽറാം എല്ലാം ന്യായീകരിക്കുന്ന ശൈലിയും തിരുത്തരുത്. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക.












Click it and Unblock the Notifications