രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കണോയെന്നത് വ്യക്തികൾ തീരുമാനിക്കട്ടെ; ശശി തരൂർ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ വ്യക്തികൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ പങ്കെടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് എംപി ശശി തരൂർ. ക്ഷേത്രത്തെ താനൊരു രാഷ്ട്രീയവേദിയായി കണ്ടിട്ടില്ലെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ വ്യക്തികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.ഞാനൊരു ഹിന്ദുവാണ്. പക്ഷെ ക്ഷേത്രത്തെ രാഷ്ട്രീയവേദിയായി ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രത്തെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിക്കുന്നവരോട് ചോദിക്കണം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന്.

ക്ഷേത്രത്തിൽ പോകുന്നതൊക്കെ വ്യക്തികൾ തീരുമാനമെടുക്കും. പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമോ അതോ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന നിലപാട് നേതൃത്വം കൈക്കൊള്ളുമോയെന്നത് സംബന്ധിച്ച് ഡൽഹിയിൽ നിന്നും അറിയിപ്പ് വരേണ്ടതുണ്ട്. നേതാക്കൾ എല്ലാവരും നാഗ്പൂരാണ്. യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് കണക്കാക്കുന്നത്.
സുപ്രീംകോടതിയാണ് പറഞ്ഞത് ക്ഷേത്രം കെട്ടാമെന്ന്. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ തര്‍ക്കമില്ല . പക്ഷേ സമയവും സാഹചര്യവും നോക്കണം. ഇതൊരു രാഷ്ട്രീയ വേദിയാക്കുന്നുണ്ടോ? ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചൂടെ? ഇതൊക്കെയാണ് ചോദ്യങ്ങൾ. എനിക്ക് ക്ഷണമില്ല. അതുകൊണ്ട് തന്നെ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.
സി പി എമ്മിന് മതവിശ്വസമില്ലാത്തതിനാല്‍ ഇഷ്ടമുള്ള നിലപാടെടുക്കാം. കോണ്‍ഗ്രസിനകത്ത് സി പി എമ്മിന്റെയോ ബി ജെ പിയുടെയോ പ്രത്യയശാസ്ത്രമല്ല ഉള്ളത്. ഹിന്ദുത്വയെ രാഷ്ട്രീയ അജണ്ടയായിട്ടാണ് കോൺഗ്രസ് കാണുന്നത്. അതിനാല്‍ കോണ്‍ഗ്രസിന് സ്വന്തം നിലപാടെടുക്കാന്‍ സമയം തരണം. നാഗ്പൂരില്‍ നടക്കുന്ന എ ഐ സി സി യോഗത്തിൽ തീരുമാനമുണ്ടാകും', ശശി തരൂർ പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നാണ് എംപി കെ മുരളീധരൻ വ്യക്തമാക്കിയത്. ഒരു കാരണവശാലും പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേതൃത്വം ചോദിച്ചാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. ഉചിതമായൊരു തീരുമാനം പാർട്ടിയുടെ ദേശീയനേതൃത്വം സ്വീകരിക്കും. കേരളത്തിലെ പാർട്ടിയുടെ തീരുമാനം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
'സി പി എം കിണറ്റിലെ തവളയാണ്. അവർക്ക് കേരള മാത്രമേ ഉള്ളൂ. മാത്രമല്ല, അതൊരു ഭൗതിക വിശ്വാസികളുടെ പാർട്ടിയാണ്. അവർക്ക് അതുകൊണ്ട് തന്നെ എളുപ്പത്തിൽ തീരുമാനമെടുക്കാം. കോൺഗ്രസിലെ സാഹചര്യം അതല്ല', മുരളീധരൻ പറഞ്ഞു.


Click it and Unblock the Notifications