ബാലാവകാശ കമ്മീഷൻ കേസെടുത്ത് ജയിലിൽ അടക്കട്ടെ, മുൻകൂർ ജാമ്യം തേടില്ല:കെടി ജലീൽ
മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കെടി ജലീൽ. ഒരു അധ്യാപകനെന്ന നിലയ്ക്കാണ് താൻ സംസാരിച്ചതെന്നും അവിടെയുണ്ടായിരുന്ന കുട്ടികളോ മാതാപിതാക്കളോ താൻ അവരെ അപമാനിച്ചെന്ന് പറഞ്ഞാൽ മാപ്പ് പറയാൻ തയ്യാറാണെന്നും ജലീൽ പറഞ്ഞു. ബാലാവകാശ കമ്മീഷൻ കേസെടുത്ത് ജയിലിൽ അടച്ചോട്ടെയെന്നും താൻ മുൻകൂർ ജാമ്യവുമായി ഇക്കാര്യത്തിൽ കോടതിയെ സമീപിക്കില്ലെന്നും ജലീൽ വ്യക്തമാക്കി.
' ഒരു കുട്ടി ഒരു ചെറിയ വളരെ ചെറിയൊരു അക്ഷരതെറ്റ് വരുത്തി, അത് ആ കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. അപ്പോൾ പൊതുവിദ്യാഭ്യാസം വളരെ മോശമാണ് എന്നുള്ള വ്യാഖ്യാനം നൽകി പൊതുവിദ്യാഭ്യാസത്തെ താറടിക്കാനാണ് ചിലർ ശ്രമിച്ചത് .പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കേ മക്കളെ പറഞ്ഞയക്കാവൂ, അവിടെ നിന്നാണ് മികച്ച വിദ്യാഭ്യാസം നമുക്ക് കിട്ടുന്നത് എന്ന് തന്നെയാണ് ഞാൻ ആ വേദിയിലും എല്ലാ വേദികളിലും പറയാറുള്ളത്. കഴിഞ്ഞ 10 കൊല്ലത്തിനിടെ പഠിച്ചത് കൊണ്ടാണോ കേരളം എന്ന് എഴുതാൻ പറഞ്ഞപ്പോൾ കാരളം എന്നായത്? 9332 എന്നുള്ളതിനു പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് എന്ന് പറഞ്ഞ ആള് ഈ കഴിഞ്ഞ 10 കൊല്ലം നമ്മളുടെ ഏതെങ്കിലും ഒരു സ്കൂളിൽ പഠിച്ചു വന്ന കുട്ടിയാണോ?

910 എന്ന് പറയേണ്ടതിനു പകരം തൊണ്ണൂറ്റി പത്ത് എന്ന് നിയമസഭയിൽ പറഞ്ഞ വ്യക്തി ഈ കഴിഞ്ഞ 10 കൊല്ലം നമ്മളുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് പഠിച്ചു വന്നതാണോ? 15-5-26 എന്ന ഡേറ്റ് നമ്മൾ ആരെങ്കിലും അക്കത്തിൽ പറയാറുണ്ടോ? അങ്ങനെ പറഞ്ഞ ആള് ഈ കഴിഞ്ഞ പത്തു കൊല്ലം നമ്മളുടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്ന കുട്ടിയായതുകൊണ്ടാണോ? മയ, കുയി, പുയ, അയക് എന്നൊക്കെ മുതിർന്നാളുകൾ പോലും പറയുന്നത് കഴിഞ്ഞ 10 കൊല്ലമായി നമ്മളുടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്നതുകൊണ്ടാണോ? അന്ന് യഥാർത്ഥത്തിൽ ഇവർക്കൊന്നും നമ്മളെ പോലെ ഇങ്ങനെ കറക്ട് ചെയ്തു കൊടുക്കാൻ ഒരാൾ ഉണ്ടായില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ബാലാവകാശ കമ്മീഷൻ കേസ് എടുക്കും എന്ന് പറയുന്നു. ഞാൻ അതിനെ സ്വാഗതം ചെയ്യാം. ഇക്കാര്യത്തിൽ ഞാൻ ഒരു മുൻകൂർ ജാമ്യത്തിന് പോലും പോവൂല്ല. ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് ജയിലിൽ അടക്കട്ടെ. ഞാൻ അത് സ്വീകരിക്കും. കുട്ടികൾക്ക് ഇങ്ങനെ ഒരു അധ്യാപകൻ എന്നുള്ള നിലയിൽ പറഞ്ഞുകൊടുത്തത് മോശമായി പോയി, അങ്ങനെ ഒരിക്കലും പറയാൻ പാടില്ല എന്നതാണ് തീരുമാനമെങ്കിൽ ആ തീരുമാനം അനുസരിക്കാൻ ഞാൻ ഒരുക്കമാണ്. സത്യത്തിൽ എനിക്കെതിരെ കേസ് എടുക്കും എന്ന് പറഞ്ഞ ബിന്ദുകൃഷ്ണക്കെതിരെയല്ലേ ആദ്യം കേസ് എടുക്കേണ്ടത്? അവരല്ലേ ഒരു അംഗനവാടി കുട്ടിയുടെ പറഞ്ഞതിനെകുറിച്ച് പറഞ്ഞ് അതൊരു വലിയ വിവാദം ഒക്കെ ആയത്. ആ കുട്ടി തന്നെയാണ് പിന്നെ അത് കറക്ട് ചെയ്തത്.
ഇതിനെയൊക്കെ രാഷ്ട്രീയമായിട്ട് കാണുന്നതിനു പകരം ഇതിനെയൊ ബ്രോഡ് ക്യാൻവാസിൽ കാണാൻ വേണ്ടി ശ്രമിക്കണം. മന്ത്രിമാരായിട്ടുള്ള ബിന്ദു കൃഷ്ണയോ അല്ലെങ്കിൽ ഷംസുദ്ദീനോ ഒന്നും അധ്യാപകരായിട്ട് പൊതുപ്രവർത്തനത്തിലേക്ക് വന്നതല്ല. അധ്യാപകരായിട്ട് പൊതുപ്രവർത്തനത്തിലേക്ക് വന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമായ പ്രസംഗങ്ങൾ നടത്തി പോവുക എന്നതിനു പകരം കുട്ടികളുമായിട്ട് ഇൻററാക്ട് ചെയ്ത് പോകും, അത് സ്വാഭാവികമാണ്. അതിൽ ഒരു അപമാനവും ഇന്നുവരെ ഒരാൾക്കും തോന്നിയതായിട്ട് എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
അതിൽ പങ്കെടുത്ത ഏതെങ്കിലും കുട്ടികൾക്ക് ഏതെങ്കിലും രക്ഷിതാക്കൾക്ക് മാനഹാനിയായി അപമാനമായി അത് തോന്നിയിട്ടുണ്ടെങ്കിൽ അവർ പറയുകയാണെങ്കിൽ മാത്രമല്ലേ ക്ഷമാപണത്തിന്റെ ആവശ്യവും മാപ്പിന്റെ ആവശ്യവും ഒക്കെ വരുന്നുള്ളൂ. അത് അവർ പറയട്ടെ. എന്നിട്ട് ആ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ എന് എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവരത് പറഞ്ഞാൽ അതിനെക്കുറിച്ചിട്ട് ആലോചിക്കാം. എനിക്ക് ആ കാര്യത്തിൽ ഒരു വാശിയുമില്ല', ജലീൽ വിശദീകരിച്ചു.


Click it and Unblock the Notifications