'രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും റോഡില്‍ ആക്രമിക്കുകയും ചെയ്യട്ടെ', രൂക്ഷ വിമർശനവുമായി ഗവർണർ വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയിലേക്ക് ആണ് കാര്യങ്ങള്‍ നീക്കുന്നത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ മുന്നോട്ട് പോകട്ടെ, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും തന്നെ റോഡില്‍ ആക്രമിക്കുകയും ചെയ്യട്ടെ എന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കടുത്ത പ്രത്യാഘാതങ്ങളുണ്ടാകും എന്ന് തന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്താണ് അതിന്റെ അര്‍ത്ഥം. താനത് അഭിമുഖീകരിക്കാന്‍ തയ്യാറാണ്. ഇടത് മുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ 15 വരെ നീട്ടി വെക്കാതെ താന്‍ ഇവിടെ ഉളളപ്പോള്‍ തന്നെ നടത്തൂ എന്നും ധര്‍ണയിലേക്ക് താനും പോകാമെന്നും ഗവര്‍ണര്‍ പറഞ്ഞു. പരസ്യ സംവാദത്തിന് താൻ തയ്യാറാണ്. മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ കൂട്ടിച്ചേർത്തു.
താന്‍ ആരാണ് എന്ന് അറിയില്ല എന്ന് പറയുന്നിടത്തേക്ക് വരെ മുഖ്യമന്ത്രി എത്തിയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. താന്‍ ഏതെങ്കിലും തരത്തില്‍ ചട്ടം ലംഘിച്ചുവെങ്കില്‍ രാഷ്ട്രപതിയുടെ അടുത്ത് പരാതി നല്‍കാം. ഭരണത്തില്‍ ഇടപെടുന്നുവെന്ന ആരോപണത്തിന് തെളിവ് തന്നാല്‍ രാജി വെക്കാന്‍ തയ്യാറാണ്. അവര്‍ രാജ്ഭവന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ആരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കണം വേണ്ട എന്നൊക്കെ പറയാന്‍ അവര്‍ ആരാണ് എന്നും ഗവര്‍ണര്‍ ചോദിച്ചു. വൈസ് ചാന്‍സര്‍മാരുടെ രാജി വിഷയത്തില്‍ വിസിമാര്‍ നല്‍കിയ മറുപടി പരിശോധിക്കാതെ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിലെ ജോലികളെല്ലാം സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണോ. വൈസ് ചാന്‍സലര്‍ പദവികള്‍ ഭരണത്തിലുളളവരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയാണോ എന്ന് ജനങ്ങള്‍ ചോദിക്കുകയാണ്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷി ആലോചിക്കുന്നതിനെ കുറിച്ചുളള ചോദ്യത്തിന്, ഇത്തരം വിഡ്ഢിത്തങ്ങളോട് താന്‍ എന്തിന് പ്രതികരിക്കണം എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കി. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാണെന്ന് താന്‍ ഒരിക്കല്‍ പറഞ്ഞതാണ്. അന്ന് അവര്‍ എന്തിനാണ് തനിക്ക് കത്തുകള്‍ എഴുതുകയും അപേക്ഷിക്കുകയും ചെയ്തത് എന്ന് ഗവര്‍ണര്‍ ചോദിച്ചു.
സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ മറ്റ് എവിടെ നിന്നെങ്കിലുമോ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുളളതാണ്. അന്ന് മുഖ്യമന്ത്രി നല്‍കിയ കത്താണോ ഇപ്പോള്‍ ചെയ്യുന്നതാണോ കണക്കിലെടുക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളത്തിലെ ഏതൊരു സാധാരണക്കാരനും തന്നെ വിമര്‍ശിക്കാം. എന്നാല്‍ താന്‍ നിയമിച്ച ഒരാള്‍ക്ക് തന്നെ വിമര്‍ശിക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ സാധിക്കാം. പ്രധാനമന്ത്രിയെ തനിക്ക് വിമര്‍ശിക്കണമെങ്കില്‍ താന്‍ പദവി രാജി വെച്ചിട്ട് വേണം എന്നും ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications