'പാപം ചെയ്യാവത്തർ കല്ലെറിയട്ടെ, ഒറ്റിക്കൊടുത്തത് ഒപ്പമുണ്ടായവരായിരുന്നു'; പിപി ദിവ്യ
ഈസ്റ്റർ ദിനത്തിൽ വീഡിയോ സന്ദേശവുമായി സി പി എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവി. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പരോക്ഷ മറുപടിയെന്ന നിലയ്ക്കാണ് ദിവ്യയുടെ പ്രതികരണം. 'നിങ്ങളിൽ പാപം ചെയ്യാവത്തർ കല്ലെറിയട്ടെ' എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് യേശുവിന് കുരിശ് മരണം വിധിക്കപ്പെട്ടതെന്നാണ് വീഡിയോയിൽ പറയുന്നത്.
' ഒപ്പം ഇരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തവര്‍. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്. എത്ര സത്യസന്ധമായി ജീവിച്ചാല്‍ പോലും ആള്‍ക്കൂട്ടം കാര്യം അറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ച് ഉയര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്', വീഡിയോയിൽ പറഞ്ഞു. സി പി എമ്മിനെതിരായ ദിവ്യയുടെ ഒളിയമ്പാണോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്. ദിവ്യയുടെ വാക്കുകൾ ഇങ്ങനെ

'പെസഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റര്‍, ഇത് നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ലളിതമായ സത്യം, തിന്മയുടെ മേലുള്ള അവസാന ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് യേശുവിന് കുരിശ് മരണം വിധിക്കപ്പെട്ടത്. വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ചവന്‍. നെറികേട് കണ്ടാല്‍ ചാട്ടവാര്‍ എടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യസ്‌നേഹി. എന്നിട്ടും മതമേലധ്യക്ഷന്മാരും ഭരണകൂടവും അവന് എതിരായി നിന്നു. തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു.
ഒപ്പം ഇരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തവര്‍. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്. എത്ര സത്യസന്ധമായി ജീവിച്ചാല്‍ പോലും ആള്‍ക്കൂട്ടം കാര്യം അറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ച് ഉയര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്.
നമുക്ക് ഒരു പതനം ഉണ്ടാകുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന തിരിച്ചറിവും ഈ അവസരത്തില്‍ നമുക്ക് പാഠമാകും. മുള്‍ക്കീരിടം അണിയുമ്പോഴും കുരിശിലേറ്റുമ്പോഴും മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ വിധി ഏറ്റുവാങ്ങിയിട്ടുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും നായകന്‍ നമ്മെ പഠിപ്പിക്കുന്നത് നിലപാടുകള്‍ക്ക് മുള്‍ക്കിരീടം അണിയേണ്ടി വന്നാലും കുരിശുമരണം വിധിച്ചാല്‍ ഒരുനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്ന്. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരിക തന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാല്‍ അത് ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കും. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍', ദിവ്യ പറഞ്ഞു.
അതേസമംയ ഇതാദ്യമായല്ല ദിവ്യ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ മുൻപും സോഷ്യൽ മീഡിയയിലൂടെ ദിവ്യ രംഗത്തെത്തിയിരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ഉള്ളത്. കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ദിവ്യക്കെതിരെ സിപിഎം നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല അവരെ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പിപി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ തിരിച്ചെടുത്തിരുന്നില്ല. പകരം ഇരിണാവ് ബ്രാഞ്ചിലേക്ക് ദിവ്യയെ സി പി എം തരംതാഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications