ലൈഫ് ഭവന പദ്ധതി: മലപ്പുറത്തെ യുവാവിന്റെ തൂങ്ങിമരണം, വീട് നല്‍കണമെന്ന് ബന്ധുക്കള്‍!
മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍നിന്ന് തഴഞ്ഞതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. തെന്നല ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കണ്ടംചിറ മൈതാനിയില്‍ ടെന്റില്‍ താമസിച്ചിരുന്ന മുരളിധരന്‍ (30) തിങ്കളാഴ്ച മൈതാനിയിലെ മരത്തില്‍ തൂങ്ങി മരിച്ചിരുന്നു.
ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മാണത്തിന് അപേക്ഷിച്ചിട്ടും അധികൃതര്‍ അനുകൂലനടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുരളീധരനും കുടുംബവും കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുരളീധരനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇന്നലെ വീട് നല്‍കണമെന്നാവശ്യപ്പെട്ട് മുരളിയുടെ ബന്ധുക്കളും നാട്ടുകാരുടെയും മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്. തെന്നല പഞ്ചായത്ത് ഓഫീസിന് മുന്നിലെ ദേശീയപാതയിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താതില്‍ മനം നൊന്താണ് യുവാവ് മരിച്ചത് എന്നാരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ ഉപരോധം.

അതിനിടെ മുരളിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കി ദേശീയപാത ഉപരോധിക്കുന്നതിന് ശ്രമം നടത്തിയത് പോലീസ് തടഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ജില്ലാ കലക്ടറോ തഹസീല്‍ദാറോ രേഖാമൂലം കത്ത് നല്‍കണമെന്നാവശ്യമായിരുന്നു പ്രതിഷേധക്കാരുടെ ഭാഷ്യം. തുടര്‍ന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഷാജു പഞ്ചായത്ത് അധികൃതരും കുടുംബവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തഹസില്‍ദാര്‍ ആര്‍.ഡി.ഒ, ജില്ലാകളക്ടര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുരളിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഫോണിലൂടെ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ തെന്നല കറുത്താല്‍ പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേ സമയം തെന്നല പഞ്ചായത്തില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നീക്കം നടക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായതെന്നും മുരളിക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ പഞ്ചായത്ത് ബോര്‍ഡില്‍ 19ന് ചര്‍ച്ച നടത്താനിരുന്നതാണെന്നും പ്രസിഡന്റ് എം.പി കുഞ്ഞിമെയ്തീന്‍ പറഞ്ഞു. കണ്ടംചിറയിലാണ് മുരളി ജനിച്ചുവളര്‍ന്നത്. അധികൃതര്‍ ഇവര്‍ താമസിച്ചിരുന്ന ടെന്റ് പൊളിച്ചുനീക്കിയതിനെ തുടര്‍ന്ന് ഭാര്യയും നാലു മക്കളുമൊത്ത് വെന്നിയൂര്‍ ജുമാമസ്ജിദിനുസമീപം തെരുവില്‍ കഴിയുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത ദുഖത്തില്‍ കഴിയുന്ന മുരളിയെ മുന്‍പ് വെന്നിയൂരിലെ തെരുവില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായി ഭാര്യ മുത്തുലക്ഷ്മി പറഞ്ഞു. അമ്പതുവര്‍ഷംമുമ്പ് തെന്നലയിലെത്തിയതാണ് മുരളീധരന്റെ കുടുംബം.












Click it and Unblock the Notifications