ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാമെന്ന് അഭിഭാഷകന്‍: ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി
കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ശിവശങ്കർ ജാമ്യാപേക്ഷ പിന്‍വലിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം തേടി ശിവശങ്കര്‍ സമർപ്പിച്ച ഹർജി പരിഗണിച്ചിരുന്നത്.
വലതുകാല്‍ മുട്ടിലെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി മൂന്നുമാസത്തെ ജാമ്യം തേടിയായിരുന്നു ശിവശങ്കറിന്റെ ജാമ്യാപേക്ഷ. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ശിവശങ്കറിന്റെ അഭിഭാഷകനോടായി ചോദിച്ചു. ശിവശങ്കറിനറെ മെഡിക്കല്‍ റിപ്പോർട്ടില്‍ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകനും വാദിച്ചു.

ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്നായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ നടത്തിയ മറ്റൊരു വാദം. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത്. ആറ് തവണ എംആര്‍ഐ നടത്തിയെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും മെഡിക്കല്‍ റിപ്പോർട്ടില്‍ കാണുന്നില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഹർജി സ്വീകരിച്ച കാര്യത്തില്‍ പിന്നെ എന്തിനാണ് ഈ ഹർജിയെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
പ്രത്യേക കോടതി അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ജാമ്യാപേക്ഷ തളളിയതെന്ന കാര്യവും കോടതി ചോദിച്ചത്. 'അവധിക്ക് ശേഷം സുപ്രീം കോടതി പൂർണ തോതിൽ പ്രവർത്തിക്കുന്നുണ്ട്.ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കൂ. ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.പിന്നെ എങ്ങനെ ഞങ്ങള്‍ക്ക് പരിഗണിക്കാനാകും ' കോടതി ചോദിച്ചു.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ ഒരു കോടി രൂപ കണ്ടെത്തിയതാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഈ തുക ശിവശങ്കറിനുള്ള കോഴയാണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മറുപടി. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications