ലൈഫ് മിഷൻ കോഴ: സഭയിൽ പിണറായി-മാത്യു കുഴൽനാടൻ ഏറ്റുമുട്ടൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി
പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും അംഗങ്ങൾ ബഹളമുണ്ടാക്കിയതോടെ സഭ ഏതാനും സമയത്തേക്ക് നിർത്തി വെച്ചിരുന്നു.

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസിന്റെ പേരില്‍ പ്രക്ഷുബ്ധമായി നിയമസഭ. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് സഭയിലുണ്ടായത്. ലൈഫ് മിഷനില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ വെച്ച് സ്വപ്‌ന സുരേഷും ശിവശങ്കറും കോണ്‍സുല്‍ ജനറലും പങ്കെടുത്ത യോഗം നടന്നതായി സ്വപ്‌ന പറഞ്ഞുവെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി. ഇത് പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുളള ചാറ്റും മാത്യു കുഴല്‍നാടന്‍ സഭയില്‍ ഉന്നയിച്ചു. മാത്യു കേന്ദ്ര ഏജന്‍സിയുടെ വക്കീല്‍ ആകുന്നുവെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
മുഖ്യമന്ത്രിയുടെ വലതുവശം നിന്നയാള്‍ ഇപ്പോള്‍ ജയിലിലാണ്. മുഖ്യമന്ത്രിയുടെ വലതും ഇടതും നിന്നവര്‍ അറിയാതെയാണോ ഇതൊക്കെ നടന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇഡി കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉളള പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ക്ലിഫ് ഹൗസില്‍ വെച്ച് യോഗം നടത്തിയെന്ന ആരോപണം നിഷേധിക്കാന്‍ കുഴല്‍നാടന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. പച്ചക്കള്ളമാണ് പറയുന്നതെന്നും തന്നെ കണ്ടിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പച്ചക്കള്ളമാണെങ്കില്‍ ഇഡി റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറാകണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താന്‍ മറുപടി പറഞ്ഞത്. റിപ്പോര്‍ട്ട് കൊടുത്ത ഏജന്‍സിയുടെ വക്കീലായിട്ടാണ് മാത്യു കുഴല്‍നാടന്‍ വന്നിരിക്കുന്നത് എങ്കില്‍ അത് പറയണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇത് താന്‍ എഴുതിയ തിരക്കഥ അല്ലെന്നും രാജ്യത്തെ അന്വേഷണ ഏജന്‍സി കോടതിക്ക് മുന്നില്‍ കൊടുത്ത റിപ്പോര്‍ട്ട് ആണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. റിപ്പോര്‍ട്ട് തെറ്റാണെങ്കില്‍ കോടതിയില്‍ പോകണമെന്നും തങ്ങള്‍ കൂടെ നില്‍ക്കാമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഉപദേശം വേണമെങ്കില്‍ മാത്യു കുഴല്‍നാടനെ സമീപിച്ചോളാമെന്നും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
സ്വപ്‌നയ്ക്ക് ജോലി നല്‍കണമെന്ന് ശിവശങ്കറിനോട് പറഞ്ഞിരുന്നു എന്നുളള ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. ഒരു ഘട്ടത്തിലും ആരുമായും സംസാരിച്ചിട്ടില്ലെന്നും ഈ നിയമനം സര്‍ക്കാരിന് അറിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്തുവിളിച്ച് പറയാവുന്ന അവസരമാക്കി എടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഭാ ചട്ടം അനുസരിച്ച് വാട്‌സ്ആപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തി സഭയുടെ മേശപ്പുറത്ത് വെക്കാന്‍ മന്ത്രി പി രാജീവ് വെല്ലുവിളിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ വെക്കാമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.












Click it and Unblock the Notifications