ലൈഫ് മിഷൻ കള്ളപ്പണ ഇടപാട്: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കളളപ്പണക്കേസില്‍ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യൂണിടാക് മാനേജിംഗ് ഡയറക്ടറാണ് സന്തോഷ് ഈപ്പന്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ശേഷമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയാണ്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി നാല് കോടി രൂപയോളം സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് കേസ്.
ലൈഫ് മിഷന്‍ കളളപ്പണക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്റേത്. നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് എം ശിവശങ്കരന്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് കരാര്‍ സന്തോഷ് ഈപ്പന്റെ കമ്പനിക്ക് ലഭിച്ചതില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ഈ കോഴപ്പണത്തിന്റെ ഭാഗമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ നേരത്തെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ കേസിലെ കളളപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. സ്വപ്‌ന സുരേഷ് അടക്കമുളളവര്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. സന്തോഷ് ഇപ്പനേയും സ്വപ്‌ന സുരേഷിനേയും കൂടാതെ എം ശിവശങ്കറും സരിത്തും അടക്കമുളളവരും ഈ കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications