ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന് ജാമ്യമില്ല, ഇഡിയുടെ വാദം അംഗീകരിച്ച് പ്രത്യേക സിബിഐ കോടതി
കാക്കനാട് ജില്ലാ ജയിലിൽ ആണ് എം ശിവശങ്കർ ഇപ്പോഴുളളത്.

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യം അനുവദിക്കരുത് എന്നുളള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ലൈഫ് മിഷന്‍ കോഴക്കേസിന്റെ അന്വേഷണം പ്രാഥമിക ഘടത്തില്‍ ആയത് കൊണ്ട് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും എന്നതായിരുന്നു ഇഡിയുടെ വാദം.
എന്നാല്‍ തനിക്കെതിരെ ഇഡിയുടെ പക്കല്‍ തെളിവുകള്‍ ഇല്ലെന്നും ചില മൊഴികളാണ് ഉളളതെന്നും എം ശിവശങ്കര്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് കേസ് എന്നീ കേസുകളിലും നേരത്തെ ശിവശങ്കര്‍ അറസ്റ്റിലായിരുന്നു.
നിലവില്‍ ഇഡി കേസിലും സിബിഐ കേസിലും എം ശിവശങ്കര്‍ പ്രതിയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിര്‍ണായകമായത്. ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മില്‍ വാട്‌സ്ആപ്പില്‍ നടത്തിയ ചാറ്റ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍ എന്നിവരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ പ്രതികളാണ്.
ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെ പേരിലുളള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണ് എന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി 6 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. പദ്ധതി കരാര്‍ ലഭിക്കാന്‍ 4 കോടിക്ക് മേലെ കോഴ നല്‍കിയതായി യൂണിടാക്കിന്റെ സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പുറത്ത് വരാനുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പദ്ധതി കരാര്‍ സന്തോഷ് ഈപ്പന് നല്‍കാനുളള തീരുമാനം എടുത്തത് എന്നും സ്വപ്‌ന ആരോപിച്ചിരുന്നു.












Click it and Unblock the Notifications