സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണോ... ശിവശങ്കറിന്റെ അറസ്റ്റ് ഭയപ്പെടുത്തുന്നു എന്ന് അനില്‍ അക്കര
നേരത്തെ അറസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായിട്ടും ഇഡി അന്ന് ചെയ്തില്ല.

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ആശങ്കപ്പെടുത്തുന്നു എന്ന് ലൈഫ് മിഷന്‍ കേസിലെ പരാതിക്കാരനും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് സാധിക്കുമായിരുന്നു. നേരത്തെ ഇഡിക്ക് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അവസരവുമുണ്ടായിരുന്നു.
സിബിഐക്ക് മുന്നിലുള്ള കേസ് എല്ലാ സംവിധാനവും ഉപയോഗിച്ച് അന്വേഷിക്കാവുന്നതാണ്. എങ്കിലും സിബിഐ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നില്ല. ഒരു ബ്ലാക്ക് മെയിലിലേക്ക് സംസ്ഥാന സര്‍ക്കാരിനെ കണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുകയാണോ എന്ന് സംശയമുണ്ടെന്നും അനില്‍ അക്കര മീഡിയ വണ്ണിനോട് പറഞ്ഞു.
കേസ് ഇഡി അന്വേഷിക്കുമ്പോഴാണ് കരമന ആക്‌സസ് ബാങ്കില്‍ നിന്ന് മാറിയ നോട്ടുകള്‍ അവരുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. അന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ, അന്ന് ഇഡി നടപടിക്ക് മുതിര്‍ന്നില്ല. കേസ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തുകൊണ്ടുവരേണ്ടതുണ്ട്. ഇതിനെല്ലാം സിബിഐക്ക് സംവിധാനമുണ്ട്. എന്നിട്ടും ഇഡിയാണ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ആശങ്കയുണ്ട്.
സ്വപ്‌ന, സന്ദീപ്, സന്തോഷ് ഈപ്പന്‍, ഒഫീഷ്യല്‍സ് ഓഫ് ലൈഫ് മിഷന്‍ എന്ന എഫ്‌ഐആര്‍ നിലവിലുണ്ട്. ഒഫീഷ്യല്‍സില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഉള്‍പ്പെടും. കേസിലെ മറ്റു പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള നീക്കമാണോ എന്ന സംശയത്തിന് പ്രസക്തി എന്നും അനില്‍ അക്കര പറയുന്നു.

അതേസമയം, അനില്‍ക്കരെ അഭിനന്ദിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥന്‍ രംഗത്തുവന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത് അനില്‍ അക്കരയാണ്. അതിന്റെ പേരില്‍ അദ്ദേഹം നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ചെറുതല്ല. പാവങ്ങളുടെ വീട് മുടക്കാന്‍ നോക്കി എന്ന ക്യാമ്പയിന്‍ ആയിരുന്നു പ്രധാനം.സോഷ്യല്‍ മീഡിയയിലും പുറത്തും വ്യക്തിപരമായ അധിക്ഷേപവും ഭീഷണിപ്പെടുത്തലും വര്‍ധിച്ചപ്പോഴും തളരാതെ ലൈഫ് അഴിമതി കേസുമായി അദ്ദേഹം മുന്നോട്ടുപോയി. ഇപ്പോഴത്തെ വാര്‍ത്തകള്‍ കാണുമ്പോള്‍ അനില്‍ അക്കര എന്ന മനുഷ്യനോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണ്.അഭിവാദ്യങ്ങള്‍''












Click it and Unblock the Notifications