മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തും; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: അര്‍ജന്റീന ടീം നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. നേരത്തെ ലയണല്‍ മെസിയുടേയും അര്‍ജന്റീന ടീമിന്റേയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. നിശ്ചയിച്ച സമയത്ത് തന്നെ കളി നടക്കും എന്ന് സ്‌പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കരാര്‍ അനുസരിച്ചുള്ള പണം ലഭിച്ച് കഴിഞ്ഞാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തും എന്നും അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത് എന്നും അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മറ്റ് ആശയക്കുഴപ്പങ്ങളൊന്നുമില്ല. ടീം എത്തുന്നതിന്റേയും മത്സരത്തിന്റേയും തീയതി അടക്കമുള്ള വിശദാംശങ്ങള്‍ അടുത്തയാഴ്ച പറയാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് മത്സരത്തിനായി പരിഗണനയിലുള്ളത്. അര്‍ജന്റീനയുടെ എതിര്‍ ടീം ആരായിരിക്കും എന്നതില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫിഫ റാങ്കിംഗില്‍ ആദ്യ 50-ന് ഉള്ളിലുള്ള ടീം വേണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത് എന്നതിനാല്‍ ഏഷ്യന്‍ ടീമുകള്‍ ആകാന്‍ സാധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തത് കാരണം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ല എന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ ആണ് സ്‌പോണ്‍സര്‍. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍ പണം അടച്ചിട്ടില്ല എന്നും ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു വിവരം.
കഴിഞ്ഞ ദിവസം അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങളുടെ പട്ടിക പുറത്തുവന്നതോടെ ടീം കേരളത്തിലേക്ക് എത്തില്ല എന്ന സംശയം ബലപ്പെടുകയും ചെയ്തു. അതേസമയം ഇത് സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്പോണ്‍സര്‍ ചെയ്യുമെന്നറിയിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് എന്നും ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എ എഫ് എയെ വിവരം അറിയിക്കും എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
'രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ലഭിച്ചിട്ടുണ്ട്. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷം പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കും. അതിന് വേണ്ടി കാത്തിരിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാനാകില്ല എന്നും ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കരുത് എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
മെസി വന്നാല്‍ കേരളത്തിലെ കായിക മേഖലയ്ക്ക് വലിയ മാറ്റം ഉണ്ടാകും. മെസി വരില്ലെന്ന് പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണ്. അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് കേരളത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നും അര്‍ജന്റീനയുടെ വലിയ ആരാധകര്‍ കേരളത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവര്‍ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കായിക വകുപ്പ് മന്ത്രി ഇക്കാര്യത്തിലെടുത്ത പ്രയത്നം ചെറുതല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications