മെസിയുടെ വരവ്: കൊച്ചി സ്റ്റേഡിയം അടിമുടി മാറും; 70 കോടിയുടെ പുതുക്കിപ്പണിയില്‍ ആരംഭിച്ചു
കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിന്റെയും കൊച്ചിയിലെ മത്സരത്തിനായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയുന്നു. 70 കോടി രൂപ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഫിഫ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാക്കുന്നതെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു. ഗ്രേറ്റർ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ)യിൽ നിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിർമാണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഡിയം ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാൻ യോഗ്യമാകും വിധമാണ് പുതുക്കിപ്പണിയുന്നത്. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, അതോടൊപ്പം അത്യാധുനിക ലൈറ്റിങ് സംവിധാനവും സജ്ജമാക്കും. 50,000 കാണികൾക്ക് മത്സരം കാണാൻ സൗകര്യമുള്ള സീറ്റിങ് ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തും. സ്റ്റേഡിയത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. സീലിങിന്റെ ശക്തിപ്പെടുത്തൽ, ചുറ്റുമുള്ള പരിസരത്തിന്റെ അറ്റകുറ്റപ്പണികൾ എന്നിവയും നടക്കുന്നുണ്ട്.

ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയിൽ തന്നെ പ്രഖ്യാപിക്കും. നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ടിക്കറ്റ് നിരക്കുകൾ വ്യാജമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണമെന്നും സ്പോൺസർമാരായ റിപ്പോർട്ടർ ടിവി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചവ നടപ്പാക്കുന്നതിന്റെ ഭാഗമാണ്. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച സമിതി നടപ്പാക്കുന്നു.
സ്റ്റേഡിയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിലാണ്. ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്. ലോക ഫുട്ബോൾ ആരാധകർക്ക് മെസിയുടെ കളി കാണാനുള്ള അവസരം കേരളത്തിൽ ഒരുങ്ങുന്നത് ചരിത്ര നിമിഷമാണ്. ഈ പദ്ധതി ഫുട്ബോൾ പ്രേമികൾക്ക് മാത്രമല്ല, കേരളത്തിന്റെ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്കും വൻ കുതിച്ചുചാട്ടമാകും. എല്ലാ ഫുട്ബോൾ ആരാധകർക്കും മെസിയേയും അർജന്റീന ടീമിനേയും നേരിട്ട് കാണാനുള്ള അവസരം ഉറപ്പാക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങൾ.
അതേസമയം, മെസിയുടെ മത്സരം കാണുന്നതിനായുള്ള ടിക്കറ്റ് നിരക്ക് 5000 രൂപ മുതൽ 50 ലക്ഷം വരെയാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപ നൽകണമെന്നും ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്‌പോൺസർമാർ ഇതുവരെ പുറത്തുവിട്ടിട്ടിട്ടില്ല.












Click it and Unblock the Notifications