രണ്ട് ദിവസം മദ്യം കിട്ടില്ല; ബിവറേജ് മദ്യശാലകള്‍ ഇന്ന് രാത്രി ഏഴിന് അടയ്ക്കും, കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികള്‍ക്ക് അടുത്ത രണ്ട് ദിവസം മദ്യം ലഭിക്കില്ല. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടച്ചാല്‍ ഒക്്‌ടോബര്‍ മൂന്നിനാണ് പിന്നീട് തുറക്കുക. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുന്നത്. എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചയിച്ച ഒന്നാം തീയതിയിലെ അവധിയും രണ്ടാം തീയതിയിലെ ഗാന്ധി ജയന്തി അവധിയും കഴിഞ്ഞാണ് മൂന്നാം തീയതി തുറക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കുടിയന്മാര്‍ക്ക് മദ്യം കിട്ടാന്‍ ബുദ്ധിമുട്ടാകും.
ഇന്ന് ഏഴ് മണിക്ക് അടയ്ക്കുന്നത് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ മാത്രമാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകള്‍ ഇന്ന് പതിവ് പോലെ ഒമ്പത് മണി വരെ പ്രവര്‍ത്തിക്കും. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഒക്്‌ടോബര്‍ ഒന്നിനും രണ്ടിനുമുള്ള അവധി ദിവസങ്ങളില്‍ ബാറുകളും പ്രവര്‍ത്തിക്കില്ല.

അതേസമയം, ഈ ദിവസങ്ങളില്‍ വാറ്റ് ചാരായം അടക്കമുള്ളവയുടെ വില്‍പ്പന തടയാന്‍ എക്‌സൈസ് രംഗത്തുണ്ടാവും. അടുത്തിടെ സംസ്ഥാനത്ത് നടന്ന പരിശോധനകളില്‍ ഒട്ടേറെ വാറ്റ് സംഘത്തെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.അജിത്തും സംഘവും ആലത്തൂര്‍ കണ്ണമ്പ്ര സ്വദേശി ചന്ദ്രനെ വീട്ടില്‍ വെച്ച് ചാരായം വാറ്റിക്കൊണ്ടിരിക്കവേ പിടികൂടിയിരുന്നു.
വീട്ടില്‍ വാറ്റി സൂക്ഷിച്ചിരുന്ന 8 ലിറ്റര്‍ ചാരായവും , 18 ലിറ്റര്‍ വാഷും, 3 ലിറ്റര്‍ സ്‌പെന്റ് വാഷും, വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു ഇയാളെ അറസ്റ്റ് ചെയ്തു. ആലത്തൂര്‍ - കണ്ണമ്പ്ര ഭാഗങ്ങളിലെ നാടന്‍ വാറ്റുകാര്‍ക്കിടയില്‍ വളരെ ഫേമസ് വാറ്റുകാരനാണ് ഇയാള്‍. തെങ്ങിന്‍ പൂക്കുലയും, പൂവന്‍ പഴവും മറ്റും ചേര്‍ത്തു നാടന്‍ രീതിയില്‍ വാറ്റി എടുക്കുന്ന ഇയാളുടെ ചാരായതിനു വന്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നു.
ഇത്തരത്തില്‍ വീട്ടില്‍ വാറ്റി എടുക്കുന്ന ചാരായം അര ലിറ്റര്‍ - ഒരു ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളെക്കുറിച്ചു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ ടീം അംഗങ്ങള്‍ വീടും പരിസരവും നിരന്തരം നിരീക്ഷിച്ചു വരുകയായിരുന്നു. ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഇയാളുടെ വീട്ടില്‍ റെയിഡിന് എത്തിയപ്പോള്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്.












Click it and Unblock the Notifications