ലിസ്റ്റിന്റെ സ്ഥാപനത്തിലെ മാനേജര്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അഡ്വ. ശ്രീജിത്ത് പെരുമന
കോഴിക്കോട്: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദളിത് പെണ്‍കുട്ടിയെ അവിടത്തെ മാനേജര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ അന്വേഷിക്കാനോ തയ്യാറാകുന്നില്ല എന്നും ശ്രീജിത്ത് പെരുമന പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എഫ്‌ഐആറിന്റെ പകര്‍പ്പും ശ്രീജിത്ത് പങ്ക് വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ലിസ്റ്റിന്‍ സ്റ്റീഫനെ നേരിട്ട് വിളിച്ച് അറിയിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല അന്വേഷിക്കട്ടെ എന്ന മറുപടിയാണ് കിട്ടിയത് എന്നും ശ്രീജിത്ത് പെരുമന പറയുന്നു. സിനിമാ പ്രവര്‍ത്തകരായ എന്‍എം ബാദുഷ, നാദിര്‍ഷ എന്നിവരോടും ഇക്കാര്യം പറഞ്ഞിട്ടും പ്രതികരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍ മാനേജറും അയാളുടെ ഭാര്യയും ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഒന്നും അറിഞ്ഞില്ല എന്ന് ലിസ്റ്റിന്‍ പറഞ്ഞെങ്കിലും ലിസ്റ്റിന്റെ സ്ഥാപനം മാനേജറെ പുറത്താക്കി എന്ന് കാണിച്ചു പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാപന ഉടമ അറിയാതെ എങ്ങനെയാണ് മാനേജറെ പുറത്താക്കിയത് എന്നും ശ്രീജിത്ത് ചോദിക്കുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രമുഖ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ അറിവിലേക്കാണ്
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ നിന്നും അപരിചിതയായ ഒരു പെണ്‍കുട്ടി വിളിക്കുന്നു. ദളിത് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടി, കോഴിക്കൊടുള്ള ലിസ്റ്റിന്‍ സ്റ്റീഫന്റെ ഒരു സിനിമ സ്റ്റുഡിയോയില്‍ /തിയേറ്ററില്‍ ജോലി ചെയ്യുകയാണ് എന്നും അവിടെയുള്ള മാനേജര്‍ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും തുടര്‍ന്ന് അവിടുത്തെ ജനറല്‍ മാനേജറെ ഇക്കാര്യം അറിയിച്ചപ്പോള്‍ ജനറല്‍ മാനേജറും അയാളുടെ ഭാര്യയും ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നും പോലീസില്‍ പരാതി നല്‍കി.
ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്‌തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാനോ, അന്വേഷിക്കാനോ തയ്യാറാകുന്നില്ല എന്നാണ് ഇരയുടെ പരാതി. പ്രമുഖ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ എന്നും, പീഡിപ്പിച്ചയാള്‍ക്ക് അവരുമൊക്കെയായി നല്ല ബന്ധമാണ് എന്നും, അതുകൊണ്ടാണ് അവിടുത്തെ ജനറല്‍ മാനേജറുടെ ഭാര്യയെകൊണ്ട് തന്നെ ഭീഷണിപ്പെടുത്തി അബോര്‍ഷന്‍ നടത്തിയത് എന്നുമാണ് ആ പെണ്‍കുട്ടി പറഞ്ഞത്.
ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥലം എസ്എച്ച്ഒയെ വിളിച്ച് വിശദമായി സംസാരിച്ചു. പ്രതി ഒളിവിലാണ് എന്നും പ്രതിയുടെ ഇടുക്കിയിലെ വീട് ഉള്‍പ്പെടെ സെര്‍ച്ച് ചെയ്ത് പരിശോധന നടക്കുകയാണ് എന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നുമാണ് എസ്എച്ച്ഒ അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ലിസിന്‍ സ്റ്റീഫനെ നേരിട്ട് വിളിച്ച് അറിയിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല അന്വേഷിക്കട്ടെ എന്ന മറുപടിയാണ് കിട്ടിയത്.
എന്നാല്‍ ലിസ്റ്റിന്റെ സ്ഥാപനം അയാളെ പുറത്താക്കി എന്ന് കാണിച്ചു പോലീസിന് കത്ത് നല്‍കിയെന്ന് എസ്എച്ച്ഒയും പറയുന്നു. സ്വന്തം സ്ഥാപനത്തില്‍ നടന്ന അതിക്രൂരമായ സംഭവം എങ്ങനെ സ്ഥാപന ഉടമ അറിയാതെ പോയി ?സ്ഥാപന ഉടമ അറിയാതെ എങ്ങനെ ആരോപണ വിധേയനെ പുറത്താക്കിയെന്ന് സ്ഥാപനം രേഖമൂലം പോലീസിനെ അറിയിച്ചു ?സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജനറല്‍ മാനേജര്‍ മുതലാളി അഥവാ ലിസ്റ്റിന്‍ അറിയാതെ എങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാനേജറെ സംരക്ഷിച്ചു?
ലിസ്റ്റിനെ വിളിച്ച് ഇര ഈ പീഡനക്കാര്യം പറഞ്ഞിട്ടും ഞാന്‍ വിളിച്ചപ്പോള്‍ ഒന്നും അറിഞ്ഞിട്ടില്ല അന്വേഷിക്കട്ടെ എന്ന് ലിസ്റ്റിന്‍ പറഞ്ഞത് എന്തുകൊണ്ട് ? ലിസ്റ്റിനെ മാത്രമല്ല നിര്‍മ്മാതാവ് എന്‍ എം ബാദുഷ, നാദിര്‍ഷ തുടങ്ങി അര ഡസണ്‍ സിനിമ പ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞിട്ടും അവരൊന്നും പ്രതികരിക്കുകയോ തിരിച്ച് വിളിച്ചൊന്നു അന്വേഷിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ് ?
തൊഴില്‍ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ സെലിബ്രറ്റികള്‍ ' മീറ്റൂ ' എഴുതുമ്പോള്‍ മാത്രമല്ല നീതിക്കായുള്ള മെഴുകുതിരികള്‍ വിജ്രംഭിച്ച് എരിയേണ്ടത്. അത് ദളിതര്‍ക്കും പാര്‍ശ്വവത്കരികപ്പെട്ടവര്‍ക്ക് വേണ്ടിയും കത്തിക്കണം. മുതലാളി എത്ര ഉന്നതനാണെങ്കിലും.
മുതലാളിക്ക് ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാല്‍ ഒരു നിയമവിരുദ്ധ കൊല അഥവാ അബോര്‍ഷന്‍ വരെ നടന്ന പീഡനത്തില്‍ അതും ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ സ്റ്റുഡിയോയില്‍ /തിയേറ്ററില്‍ ഒരു ദളിത് പെണ്‍കുട്ടി ഇരയാക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലും തയ്യാറാകാത്ത പോലീസും, ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സംഭവം അറിഞ്ഞിട്ടേയില്ല എന്ന് പറയുന്ന സിനിമ മുതലാളിയും മറുപടി പറയണം.
നടി ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല 'അവളോടൊപ്പം ' എന്ന മുദ്രാവാക്യം ഉയരേണ്ടത് എന്ന് മാത്രം ഓര്‍മ്മിപ്പിക്കട്ടെ...












Click it and Unblock the Notifications