ആ നടന്‍ നിവിന്‍ പോളി? പ്രശ്‌നങ്ങള്‍ക്ക് കാരണമിത്... പിന്നെ ഷൂട്ടിംഗിനെത്തിയില്ല!
കൊച്ചി: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത് നടന്‍ നിവിന്‍ പോളിക്കെതിരെ എന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്ന ദി പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്നോ എന്താണ് കാര്യം എന്നോ ലിസ്റ്റിന്‍ വ്യക്തമാക്കിയിരുന്നില്ല.
'ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിനാണ് ഇന്ന് തിരി കൊളുത്തിയിട്ടുള്ളത്. ഞാനിത് പറയുമ്പോള്‍ ആ നടന്‍ ഇത് കാണുന്നുണ്ടാകും. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്, കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും', എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.

ഇപ്പോഴിതാ ലിസ്റ്റിന്‍ പറഞ്ഞ നടന്‍ നിവിന്‍ പോളിയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ന്യൂസ് 18 കേരളയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍. നേരത്തെ കുഞ്ചാക്കോ ബോബനെ നായകനാക്കി നിശ്ചയിച്ച ചിത്രമായിരുന്നു ബേബി ഗേള്‍.
എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിന്‍ പോളിയെ സിനിമയിലെ നായകനാക്കി തിരഞ്ഞെടുക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഇടവേളയെടുത്ത് നിവിന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതാണ് ലിസ്റ്റിന്‍ സ്റ്റീഫനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള മനോരമയും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലിസ്റ്റിന്‍ സ്റ്റീഫനും 'ബേബി ഗേള്‍' സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ നിവിനെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെ ബേബി ഗേള്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തന്നെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത് എന്നാണ് സൂചന. കാക്കനാട് നടന്ന 'ബേബി ഗേള്‍' സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സെറ്റില്‍ നിന്ന് നിവിന്‍ പോളി ഇറങ്ങി പോയി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം നിവിന്‍ ഷൂട്ടിംഗിന് എത്തിയിരുന്നില്ല. ഇതാണ് ലിസ്റ്റിന്‍ സ്റ്റീഫനെ ചൊടിപ്പിച്ചത് എന്നാണ് വിവരം. ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് 'ബേബി ഗേള്‍'. ലിസ്റ്റിന്‍ നിര്‍മിച്ച 'തുറമുഖം', 'ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകളില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുറമുഖത്തിന്റെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനായിരുന്നു.
നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിന്‍ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രതികരണം എവിടെ നിന്നും വന്നിട്ടില്ല. എന്നാല്‍ എല്ലാ നടന്മാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ലിസ്റ്റിന്റെ പ്രസ്താവന എന്നാണ് എല്ലാവരും പൊതുവെ അഭിപ്രായപ്പെടുന്നത്.
എന്താണ് സംഭവം എന്നും ലിസ്റ്റിന്‍ പറഞ്ഞിട്ടില്ല. അതേസമയം ഇതും പ്രൊമോഷന്റെ ഭാഗമായിരിക്കും എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ഈ സിനിമയുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്.












Click it and Unblock the Notifications