ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കണമെന്ന് സാന്ദ്ര തോമസ്; 'നടന്മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തണോ?'
കൊച്ചി: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേനില്‍ നിന്ന് പുറത്താക്കണം എന്ന് സാന്ദ്രാ തോമസ്. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്ന ദി പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ലിസ്റ്റിന്‍ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയുടെ പരാമര്‍ശം. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിന്‍ നടത്തിയത് എന്ന് സാന്ദ്ര പറഞ്ഞു.
ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നും അത് തുടരുന്നത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നായിരുന്നു ലിസ്റ്റിന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ ആരെ കുറിച്ചാണ് പറയുന്നത് എന്നോ എന്താണ് സംഭവവമെന്നോ ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കിയിരുന്നില്ല. നടന്‍ ദിലീപ് വേദിയിലിരിക്കെ ആയിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രതികരണം.

'ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിട്ടുള്ളത്. ഞാനിത് പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്, കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന് ഞാന്‍ അറിയിക്കുന്നു', എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.
ഇത്തരത്തില്‍ അവ്യക്തമായ ഒരു പ്രസ്താവന പരസ്യമായി പറഞ്ഞതിനെയാണ് സാന്ദ്ര തോമസ് ചോദ്യം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്നും ഇതിന്റെ പേരില്‍ ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേനില്‍ അദ്ദേഹത്തെ പുറത്താക്കണം എന്നുമാണ് സാന്ദ്ര പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചൂണ്ടിക്കാട്ടി കൊണ്ടാണ് സാന്ദ്ര തോമസ് തിരിച്ചടിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അവരുടെ പ്രതികരണം. തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ കാര്യത്തിലും കാണിക്കണം എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
'ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇന്നലെ ഒരു പൊതു വേദിയില്‍ വെച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്.
മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം .
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും ) പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം.
കൂടാതെ ഉന്നത ബോഡി എന്ന നിലയില്‍ കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'. എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.












Click it and Unblock the Notifications