ഇടുക്കിയില്‍ പുതുപദ്ധതികളുമായി സാക്ഷരതാമിഷന്‍, ലക്ഷ്യം ആദ്യവാസി മേഖലയിലെ സാക്ഷരത
ഇടുക്കി: സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി നൂതന പദ്ധതികളാവിഷ്‌ക്കരിക്കുകയാണ് ഇടുക്കി ജില്ലാ സാക്ഷരതാമിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലില്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പിന്റെ കൂടി സഹകരണത്തോടെ സാക്ഷരതാമിഷന്‍ അക്ഷരവെളിച്ചം പകരുന്നത്.സമഗ്ര, നവചേതന എന്നീ പേരുകളിലാണ് ആദിവാസി സാക്ഷരത തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുക.
വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ പല കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ടവരായ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക, ഇവരുടെ സാമൂഹ്യ പിന്നാക്കവസ്ഥയും ജീവിതസ്ഥിതിയും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതികള്‍ മുന്നോട്ട് വെക്കുന്നത്.പട്ടികവര്‍ഗം, ആദിവാസിവിഭാഗങ്ങളിലെ നിരക്ഷരത നിര്‍മാര്‍ജ്ജനം ചെയ്യുക, അവരെ തുടര്‍ വിദ്യാഭ്യാസത്തിലൂടെ പുരോഗതിയില്‍ എത്തിക്കുക എന്നിവയാണ് സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, അടിമാലി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, വെള്ളിയാമറ്റം, കാഞ്ചിയാര്‍, കുമിളി, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ ആദിവാസി കോളനികളാണ് ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ഈ ആദിവാസിമേഖലകളില്‍ നടത്തിയ സര്‍വേകളിലൂടെ നിരക്ഷരര്‍, സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവര്‍ എന്നിവരെ കണ്ടെത്തിയാണ് സമഗ്രയിലെ പഠിതാക്കളാക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസമാണ് നവചേതന ലക്ഷ്യമിടുന്നത്. ജില്ലയിലെ വണ്ണപ്പുറം, പീരുമേട്, ഉപ്പുതറ, കാന്തല്ലൂര്‍, അടിമാലി എന്നീ പഞ്ചായത്തുകളിലെ കോളനികളാണ് നവചേതന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായവരാണ് സമഗ്ര, നവചേതന പദ്ധതികളുടെ പ്രേരക്, ഇന്‍സ്ട്രക്ടര്‍മാരാകുന്നത്. ഇവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം.












Click it and Unblock the Notifications