ലിവിംഗ് ടുഗതര്‍ നിയമപരമായ വിവാഹമല്ല, കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല എന്ന നിരീക്ഷണവുമായി ഹൈക്കോടതി. വ്യക്തിനിയമ പ്രകാരമോ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പോലുള്ള സെക്കുലര്‍ നിയമപ്രകാരമോ നടത്തുന്ന വിവാഹം മാത്രമേ നിയമം അംഗീകരിക്കുന്നുള്ളൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
2006 ഫെബ്രുവരി 19 മുതല്‍ ഒന്നിച്ച് താമസിക്കുന്ന പങ്കാളികള്‍ നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. 17 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട പങ്കാളികള്‍ ഉഭയ സമ്മതപ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഇവര്‍ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാന്‍ കുടുംബ കോടതി വിസമ്മതിച്ചു. ഇതിനെതിരെ ഇരുവരും അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും ഒന്നിച്ചു താമസം ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ 16 വയസുള്ള ഒരു കുട്ടിയും ഉണ്ട്.
പങ്കാളികള്‍ സംയുക്തമായാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത് നിയമപരമായ അംഗീകാരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും നിയമം ഇതുവരെ ലിവിംഗ് ടുഗതറിനെ വിവാഹമായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതിനെ വിവാഹമായി കാണാനാകില്ല എന്നും കോടതി പറഞ്ഞു.
അതേസമയം ചില സമുദായങ്ങളുടെ കോടതിക്ക് പുറത്തുള്ള വിവാഹമോചനത്തിന് നിയമപരമായ അംഗീകാരം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ലിവിംഗ് ടുഗതറുകാരുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കാനാകില്ല എന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹര്‍ജിക്കാരുടെ വിവാഹമോചന ഹര്‍ജി കുടുംബകോടതി തന്നെ മടക്കണമായിരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി കുടുംബ കോടതിയിലേക്ക് തിരികെ നല്‍കാനും ഹൈക്കോടതി പങ്കാളികളോട് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications