വീണ്ടും തഴഞ്ഞു: രാജ്യസഭ സീറ്റ് നല്‍കാത്തതില്‍ എല്‍ജെഡിക്ക് കനത്ത അതൃപ്തി, ഇടത് നേതൃത്വത്തെ കാണും
തിരുവനന്തപുരം: മാർച്ച് 31 ന് നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുന്ന രണ്ട് സീറ്റുകളില്‍ സി പി എമ്മും സി പി ഐയും മത്സരിക്കാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന് എല്‍ ഡി എഫ് യോഗം തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ കടുത്ത അതൃപ്തിയാണ് എല്‍ ജെ ഡിയില്‍ നിന്നും ഉയരുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന് പറഞ്ഞ് സി പി ഐ അനർഹമായി സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നുവെന്നാണ് എല്‍ ജെ ഡിയുടെ ആരോപണം. രാജ്യസഭ സീറ്റ് വിട്ട് നല്‍കാത്തതിലെ അതൃപ്തി എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം ചേർന്ന എല്‍ ജെ ഡി നേതൃയോഗവും തീരുമാനിച്ചിട്ടുണ്ട്. എംവി ശ്രേയാംസ് കുമാറായിരുന്നു യോഗത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചത്.
എല്‍ജെഡിയെ മുന്നണിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതുവിലയിരുത്തല്‍. ഒരു അംഗമുള്ള ഐ എന്‍ എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ എല്‍ ജെ ഡിയെ അവഗണിച്ചു. ടേം വ്യവസ്ഥ അനുസരിച്ച് കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് ബിക്കും ഒന്നര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം ലഭിക്കുമ്പോള്‍ എല്‍ ജെ ഡിക്ക് ഒന്നുമില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ചർച്ച പോലുമില്ലാതെയാണ് സീറ്റ് നിഷേധിച്ചത്.
ഇതിനെതിരെ മുന്നണിയുടെ ഭാഗമായി ലഭിച്ച പദവികളെല്ലാം രാജിവച്ച് പ്രതിഷേധം അറിയിക്കണമെന്ന് വരെ യോഗത്തില്‍ അഭിപ്രായം ഉയർന്നെങ്കിലും നിലവില്‍ അത്ര കടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. എംവി ശ്രേയാംസ് കുമാർ ഒഴിയുന്ന സീറ്റാണ് ഇത്തവണ സി പി ഐക്ക് നല്‍കിയിരിക്കുന്നത്. നേരത്തെ എംപി വിരേന്ദ്രകുമാർ തിരഞ്ഞെടുക്കപ്പെട്ട സീറ്റാണ് ഇപ്പോള്‍ ഒഴിവ് വന്നത്. യു ഡി എഫിലായിരുന്നപ്പോഴാണ് എംപി വീരേന്ദ്രകുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2018 എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്നോടിയായി അദ്ദേഹം സ്ഥാനം രാജിവെച്ചെങ്കിലും അതേ ഒഴിവില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എംപി വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റില്‍ അദ്ദേഹത്തിന് മകന്‍ എംവി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കുകയായിരുന്നു
ഘടകക്ഷിയായിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്ത പശ്ചാത്തലത്തില്‍ വീണ്ടും സീറ്റ് തരണമെന്ന ആവശ്യം എല്‍ ജെ ഡി ശക്തമാക്കിയിരുന്നു. എന്നാൽ, നിയമസഭയിൽ ഒരു എം എൽ എ മാത്രമുള്ള എൽ ജെഡി ക്കു തുടർന്നും സീറ്റ് നൽകാൻ സി പി എം തയ്യാറായില്ല. എൽ ഡി എഫ് ആവശ്യപ്പെട്ടതനുസരിച്ച് എൽ ജെ ഡിയും ജനതാദൾ എസും ലയിക്കാതിരുന്നത് സീറ്റ് നിഷേധിക്കപ്പെടുന്നതിന് കാരണമായി പറയുന്നുണ്ട്.












Click it and Unblock the Notifications