India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം;സുപ്രധാന തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം; കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.

നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.

'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ

നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി നേടി മാത്രമായിരുന്നു കാട്ടുപന്നികളെ വെടിവെക്കാൻ സാധിക്കുക. ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കേണ്ടി വരില്ലെന്നതാണ് കർഷകരെ സംബന്ധിച്ചോളം ഏറ്റവും ഗുണപ്രദമാകുന്നത്. എന്തായാലും സർക്കാർ തീരുമാനം കർഷകർക്ക് ഏറെ ആശ്വാസകരമാണ്. കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത് തടയാൻ നടപടികൾ ആവശ്യപ്പെട്ട് കർഷകർ വലിയ രീതിയിൽ പ്രതിഷേധം തന്നെ നടത്തിയിരുന്നു.

മറ്റ് മന്ത്രിസഭ തീരുമാനങ്ങൾ

സ്റ്റാഫ് പാറ്റേണ്‍ പുതുക്കി

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലെ നോണ്‍-മാനേജീരിയല്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

ഭൂമി അനുവദിക്കും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു.

സേവന കാലാവധി നീട്ടി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോര്‍ട്ട് ഓഫീസറായ ജെ. ഉപേന്ദ്രനാഥിന്റെ സേവന കാലാവധി രണ്ടു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.

തസ്തിക

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ നിരീക്ഷിക്കുന്നതിനായി പ്രോജക്ട് കോ-ഓഡിനേറ്റര്‍, ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഐ.ടി.ഐ. നിര്‍മ്മാണത്തിന് ഉപയോഗാനുമതി

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ ഏലപ്പാറ വില്ലേജില്‍ സര്‍വ്വെ നം. 787/2 ല്‍പ്പെട്ട 80.94 ആര്‍ സ്ഥലം രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി വ്യാവസായിക പരിശീലന വകുപ്പിന് ഏലപ്പാറ ഐ.ടി.ഐ. നിര്‍മ്മാണത്തിന് ഉപയോഗാനുമതി നല്‍കും.

ബെന്നിച്ചന്‍ തോമസ് വനംവകുപ്പ് മേധാവി

വനംവകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചു.

താത്കാലിക തസ്തിക സൃഷ്ടിക്കും

കെ.എ.എസ്സ് ഓഫീസര്‍മാരുടെ പരിശീലന കാലത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് പരിശീലന കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ സ്വമേധയാ ഇല്ലാതാകുമെന്ന വ്യവസ്ഥയില്‍ പുതിയ കെ.എ.എസ്സ് (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയ്‌നി നിയമനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പൊതുഭരണ വകുപ്പില്‍ താത്ക്കാലിക തസ്തികകള്‍ സൃഷ്ടിക്കും. ഭാവിയിലുണ്ടാകുന്ന എല്ലാ കെ.എ.എസ്. നിയമനങ്ങള്‍ക്കും ഇത് ബാധകമാകും.

മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും

2021 ഒക്‌ടോബര്‍ മാസത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മുണ്ടക്കയം പഞ്ചായത്തുകളിലെ 32 കുടുംബങ്ങളുടെ പുനരധിവാസത്തിന് ദാനാധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും. കൂട്ടിക്കല്‍ വില്ലേജിലെ 160 സെന്റ് ഭൂമിയാണ് നല്‍കുക.

നിയമനം

കേരള നിയമപരിഷ്‌ക്കരണ കമ്മീഷനില്‍ ഒരു ലീഗല്‍ അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

ഷിഫ്റ്റ് ഡ്യൂട്ടിയില്‍ ഇളവ്

ഫുള്‍ടൈം പി.എച്ച്.ഡി ചെയ്യുന്നതിന് തിരുവനന്തപുരം ഗവ. സെന്‍ട്രല്‍ പ്രസ്സില്‍ ബൈന്‍ഡറായ എം. സുധീറിന് മൂന്നു വര്‍ഷത്തേക്ക് സെക്കന്റ് ഷിഫ്റ്റ് ഡ്യൂട്ടി പ്രത്യേക കേസ്സായി പരിഗണിച്ച് ഇളവ് ചെയ്തുനല്‍കാന്‍ തീരുമാനിച്ചു.

ആശ്രിത നിയമനം

11.10.2021 ല്‍ ജമ്മുകശ്മീരില്‍ സൈനികസേവനത്തിനിടെ മരണപ്പെട്ട എച്ച്. വൈശാഖിന്റെ സഹോദരി കൊട്ടാരക്കര ഓടനാവട്ടം വില്ലേജിലെ ശില്പ ഹരിക്ക് കൊല്ലം ജില്ലയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചു.

പി.എസ്.സി. ആക്ടില്‍ ഉള്‍പ്പെടുത്തും

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് സ്ഥാപനത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്താനുള്ള കരട് ഭേദഗതി അംഗീകരിച്ചു.

സാധൂകരിച്ചു

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ക്വാറിയിംഗ് ലീസ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഒരു വര്‍ഷം കാലാവധി നീട്ടിനല്‍കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

2022 ലെ മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നദികളില്‍ ഡീസില്‍റ്റേഷന്‍ നടത്തി വെള്ളപ്പൊക്കം തടയുന്നതിനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കി ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തും

കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി കരാറില്‍ ഒപ്പുവെയ്ക്കാന്‍ പൊതുവിദ്യഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തും.

English summary
Local bodies have the power to shoot wild boar; important decision be govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X