കുറ്റിച്ചിറയില്‍ മുസ്ലിം ലീഗ് വിയര്‍ത്തു; ഭൂരിപക്ഷം കുറഞ്ഞത് എന്തുകൊണ്ട്, നേതാക്കളുടെ മറുപടി ഇങ്ങനെ
കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ മാത്രമാണ്. യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കുറ്റിച്ചിറയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ ഫര്‍സീന അറയ്ക്കല്‍ ആയിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. ഇവര്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
അതേസമയം, മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം നാലില്‍ ഒന്നായി കുറഞ്ഞത് ചര്‍ച്ചയായിട്ടുണ്ട്. ഫാത്തിമ തഹ്ലിയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 2275 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എന്നാല്‍ ഫര്‍സീനയ്ക്ക് ജയിക്കാന്‍ സാധിച്ചെങ്കിലും വോട്ടുകള്‍ നന്നേ കുറഞ്ഞു. വോട്ടിങ് ശതമാനം കുറയ്ക്കാന്‍ സിപിഎം ശ്രമിച്ചു എന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പല്ലേ അതിന്റേതായ പ്രയാസങ്ങളുണ്ടാകുമെന്ന് ഫര്‍സീന പറഞ്ഞു.

കുറ്റിച്ചിറയില്‍ എപ്പോഴും ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട് എന്ന് ഫൈസല്‍ ബാബു എംഎല്‍എ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പില്‍ സാധാരണ പോളിങ് ശതമാനം കൂടാറുണ്ട്. കുറ്റിച്ചിറയിലേത് സവിശേഷമായ സാഹചര്യമായി കണ്ടാല്‍ മതി. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് യുഡിഎഫ് സര്‍ക്കാരിന് നല്‍കിയ മാന്‍ഡേറ്റാണിത് എന്നും ഫൈസല്‍ ബാബു പറഞ്ഞു.
9000ത്തില്‍ അധികം വോട്ടര്‍മാരുള്ള ഡിവിഷനാണ് കുറ്റിച്ചിറ. ഇത്തവണ 6000ല്‍ താഴെ വോട്ടര്‍മാരാണ് പോളിങ് സ്‌റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നാല് ശതമാനം പോളിങ് കുറഞ്ഞിട്ടുണ്ടെന്ന് ഫൈസല്‍ ബാബു പറയുന്നു. യുഡിഎഫിന് മേല്‍ക്കൈയുള്ള മേഖലയില്‍ നിന്ന് വോട്ടുകള്‍ പോള്‍ ചെയ്തില്ല. എന്തായാലും നമ്മള്‍ ജയിക്കുമല്ലോ എന്ന നിലപാടായിരുന്നു വോട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത് എന്നും ഫൈസല്‍ ബാബു പറഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോ മൊത്തമായി ഇറങ്ങി കുറ്റിച്ചിറയില്‍ പ്രചാരണം നടത്തിയിരുന്നു എന്നാണ് ചില പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. ദുഷ് പ്രചാരണങ്ങളും ഓഫറുകളും ഉണ്ടായിരുന്നു. എന്നിട്ടും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തന്നെ ജയിച്ചില്ലേ എന്നും അവര്‍ ചോദിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ ആദ്യ മല്‍സരമായിരുന്നു ഇത് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമുണ്ടെന്ന് പറയാം. തിരുവനന്തപുരത്ത് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലക്കാടും യുഡിഎഫിന് തിരിച്ചടിയേറ്റു. എന്നാല്‍ പത്തനംതിട്ടയിലും ഇടുക്കിയിലും നേട്ടം യുഡിഎഫിനാണ്. പല ജില്ലകളിലും സിറ്റിങ് സീറ്റുകള്‍ മുന്നണികള്‍ നിലനിര്‍ത്തുകയാണ് ചെയ്തത്.


Click it and Unblock the Notifications
