തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം: 11 ല്‍ നിന്നും 17 സീറ്റിലേക്ക്, ഇടതിന് തിരിച്ചടി
സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറ്റം. നിലവില്‍ 17 വാർഡുകളില്‍ യു ഡി എഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍ ഡി എഫ് 10 വാർഡുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത് ബി ജെ പി - 4, എസ് ഡി പി ഐ - 1 വാർഡിലും മുന്നിട്ട് നില്‍ക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫ് - 12, യു ഡി എഫ് - 11, ബി ജെ പി - 6, എസ് ഡി പി ഐ - 2 സ്വതന്ത്രർ - 2 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികള്‍ വിജയിച്ചു. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ 88 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ എലിയാമ്മ ജോസഫിനെ പരാജയപ്പെടുത്തി. രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യു ഡി എഫിലെ ലെ ആന്റോ പി സ്കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

കോഴിക്കോട് ജില്ലയിലും ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളില്‍ യു ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എന്‍.ബി പ്രകാശന്‍ 311 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതില്‍ സ്ഥാനാര്‍ത്ഥിയായ ജ്യോതി ബി എസ് പുത്തൂരിനെ പരാജയപ്പെടുത്തിയത്.
വാര്‍ഡ് മെമ്പറായിരുന്ന എല്‍ ഡി എഫിലെ പി പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് കുത്തക വാർഡായിരുന്ന ചല്ലിവയല്‍ 2020 ല്‍ എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. വാണിമേല്‍ പഞ്ചായത്തിലെ കൊടിയൂറ വാർഡ് യു ഡി എഫ് നിലനിർത്തി. യു ഡി എഫിലെ അനസാണ് വിജയി.
ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സീറ്റ് നിലനിർത്തി. എസ്ഡിപിഐയുടെ അബ്‌ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്‍ ഐ എ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അന്‍സാരിച്ച് നഗരസഭ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടർന്നായിരുന്നു അയോഗ്യനാക്കിയത്.
പത്തനംതിട്ടയിലെ റാന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിമോന്‍ വിജയിച്ചു. ബി ജെ പി അംഗം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 413 വോട്ടിനാണ് വിജയം. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ പതിനാലാം വാർഡും എല്‍ ഡി എഫ്, ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തു. സി പി എമ്മിലെ കെ പി രാധ 51 വോട്ടുകൾക്ക് ജയിച്ചു. ബി ജെ പി മൂന്നാം സ്ഥാനത്തായി. എൽ ഡി എഫ് 427, യു ഡി എഫ് 376, ബിജെപി 366 എന്നിങ്ങനെയാണ് വോട്ടു നില. ആകെ 18 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇതോടെ എല്‍ ഡി എഫ്, യു ഡി എഫ് കക്ഷി നില തുല്യമായി.
കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്ത് മേലടുക്കം വാർഡ് യു ഡിഎഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു. സി പി എമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. വാർഡിലെ കോൺഗ്രസ് അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.












Click it and Unblock the Notifications