തദ്ദേശ തിരഞ്ഞെടുപ്പ്; ഇവർ നാളെ മുതല്‍ വോട്ട് ചെയ്ത് തുടങ്ങും: യോഗ്യത 9 ഈ വിഭാഗക്കാർക്ക്
കേരളത്തിലെ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 (ബുധൻ) മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി മൂലം സ്വന്തം ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയാത്ത എല്ലാ സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഈ സൗകര്യം ലഭിക്കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും യഥാസമയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവിമാർ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവർക്ക് കമ്മീഷൻ കർശന നിർദേശം നൽകി. ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ പോസ്റ്റൽ ബാലറ്റ് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആർക്കെല്ലാം പോസ്റ്റൽ ബാലറ്റ് ലഭിക്കും?
- പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർ
- ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ ഇലക്ഷൻ വിഭാഗം ജീവനക്കാർ
- വരണാധികാരി/ഉപവരണാധികാരി ഓഫീസുകളിലെ ഇലക്ഷൻ സ്റ്റാഫ്
- ഒബ്സർവർമാർ, സെക്ടറൽ ഓഫീസർമാർ
- ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് അംഗങ്ങൾ
- തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ
എങ്ങനെ അപേക്ഷിക്കണം?
പോസ്റ്റൽ ബാലറ്റിന് ഫോം 15-ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം.
ഫോം ലഭിക്കുന്നത്:
- വരണാധികാരിയുടെ ഓഫീസിൽ
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മൂന്ന് പ്രത്യേക അപേക്ഷകൾ (ഗ്രാമം, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്) നൽകണം. എന്നാൽ മൂന്നും ഒരു കവറിൽ ആക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാൽ മതി. മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഒരു അപേക്ഷ മതി. അപേക്ഷ വോട്ടെടുപ്പിന് കുറഞ്ഞത് 7 ദിവസം മുമ്പെങ്കിലും വരണാധികാരിക്ക് ലഭിക്കണം. നേരിട്ട് നൽകുന്നവർ സ്വന്തം ഐഡന്റിറ്റി തെളിയിക്കണം.
എത്ര ബാലറ്റ് പേപ്പറുകൾ ലഭിക്കും?
ത്രിതല പഞ്ചായത്ത്: 3 ബാലറ്റ് പേപ്പറുകൾ + 3 സത്യവാചകം (ഫോം 16) + 3 ചെറിയ കവർ (ഫോം 18) + 3 വലിയ കവർ (ഫോം 19) + 1 നിർദേശം (ഫോം 17)
മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: ഓരോന്നും ഒന്ന് വീതം
എല്ലാം ഒരു വലിയ കവറിലാക്കി നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ അപേക്ഷകന് നൽകും. പോസ്റ്റൽ ബാലറ്റ് സൗകര്യം കൃത്യമായി ലഭ്യമാക്കാൻ എല്ലാ വരണാധികാരിമാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കമ്മീഷൻ പ്രത്യേക നിർദേശം നൽകി. ഡ്യൂട്ടിയിലുള്ള ഒരു ജീവനക്കാരന്റെയും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്നാണ് കമ്മീഷന്റെ നിർദേശം.












Click it and Unblock the Notifications