തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, 19 വാർഡുകളിലെ ഫലം നാളെ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോർപ്പറേഷന്‍ വാർഡുകള്‍ ഉള്‍പ്പടെ ആകെ 19 വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ ഇത്തവണ ഇരുപക്ഷത്തിനും നിർണ്ണായകമാണ്. സംസ്ഥാന സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സർക്കാർ നേട്ടങ്ങള്‍ എല്‍ ഡി എഫ് ഉയർത്തിക്കാട്ടുമ്പോള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രചരണത്തിലുടനീളം എല്‍ ഡി എഫിനെതിരെ വലിയ വിമർശനമാണ് യു ഡി എഫും ബി ജെ പിയും നടത്തുന്നത്.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. നാളെ രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോർപറേഷൻ വാർഡുകൾ. ഇതോടൊപ്പം, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിട്ടാണ് ഉപതിരഞ്ഞെടുപ്പ്. ആകെയുള്ള 60 മത്സരാർത്ഥികളില്‍ 29 പേരും സ്ത്രീകളാണ്.ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ: തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 10. കാനാറ. കൊല്ലം - അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14. തഴമേൽ. പത്തനംതിട്ട - മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാർഡ്. ആലപ്പുഴ - ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11. മുനിസിപ്പൽ ഓഫീസ്.
കോട്ടയം - കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38. പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം. എറണാകുളം - നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല. പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10. അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം.
കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം. കണ്ണൂർ - കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി.












Click it and Unblock the Notifications