തൃപ്പൂണിത്തുറകാർ വെള്ളം എടുത്തോ പക്ഷേ ഞങ്ങൾക്ക് വഴി നടക്കേണ്ടേ!... ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു
പിറവം: തൃപ്പൂണിത്തുറ ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കാൻ വെട്ടിപ്പൊളിച്ച പാമ്പാക്കുട ചൂണ്ടി റോഡ് പുനർനിർമ്മിക്കാത്തതുമൂലം കാൽനടയാത്ര പോലും ദുഷ്കരമായി.പാമ്പാക്കുട, രാമമംഗലം, മണീട്, പൂതൃക്ക പഞ്ചായത്തുകളിലെ ആയിരക്കണക്കിനാളുകൾ കടന്നു പോകുന്ന വഴി കഴിഞ്ഞ ഒന്നര വർഷമായി തകർന്നു കിടക്കുകയാണ്. മഴയേത്തുടർന്ന് മീമ്പാറ ഭാഗത്ത് ഇപ്പോൾ ചെളി ശല്യവും രൂക്ഷമായി. ബൈക്ക് കാൽനടയാത്രകൾ ഇല്ലാതായി.പാമ്പാക്കുട ഭാഗത്തു നിന്നും, പിറവം ഭാഗത്തു നിന്നും ഇരുപതോളം ബസുകൾ വീതം ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
റോഡ് നന്നാക്കാത്ത പക്ഷം ബസുകാരും സമരത്തിലേക്ക് പോകുമെന്ന ഭീഷണിയും നിലനിൽക്കുന്നു.രാമമംഗലം മുതൽ ചൂണ്ടി വരെയുളള റോഡിൽ ഇരുചക്രവാഹന യാത്രക്കാർ റോഡിലൂടെ പോകുന്നത് വളരെയേറെ ഭയപ്പാടിലാണ്. ഏതു നിമിഷവും ചെളിയിൽ തെന്നിവീഴും.നിരവധി അപകടങ്ങൾ ഇതിനോടകം ഉണ്ടായി.പൊതുമരാമത്ത് ജലവിഭവ വകുപ്പുകളുടെ ഏകോപനമില്ലായ്മയും, ഉത്തരവാദിത്വമില്ലായ്മയുമാണ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നു.

ജനങ്ങൾ സഹികെട്ട് ഇന്നലെ രാവിലെ മീമ്പാറയിൽ റോഡ് ഉപരോധിച്ചു.ഉപരോധസമരത്തിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു.വാഹന ഗതാഗതവും തടസ്സപെട്ടു.പൊതുമരാമത്ത് വകുപ്പ് എഇ ഉപരോധസമരക്കാരുമായി സംസാരിക്കുകയും ഒരാഴ്ചക്കുള്ളിൽ റോഡ് പണികൾ പുനരാരംഭിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് സമരം അവസാനിപ്പിച്ചത്.












Click it and Unblock the Notifications