കളമശേരിയിൽ നാശം വിതച്ച് കാറ്റ്: വീടുകൾക്ക് നാശനഷ്ടം, കാറ്റില്‍ തകര്‍ന്നത് മൂന്ന് വീടുകള്‍!
കളമശേരി: കളമശേരിയിൽ ഞായറാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ വീടുകൾക്ക് നാശനഷ്ടം. നഗരസഭ ഒന്നാം വാർഡിലും ഏഴാം വാർഡിലും 41-ാം വാർഡിലുമാണ് എട്ടരയോടെയുണ്ടായ കാറ്റിൽ വീടുകൾ തകർന്നത്. മൂന്ന് അപകടങ്ങളിലും ആളപായമില്ല. ഒന്നാം വാർഡിൽ മാവിന്റെ കമ്പ് അടർന്ന് വീണ് മാളിയേക്കൽ സാജു ആന്റണിയുടെ വീട് ഭാഗികമായി തകർന്നു. ഭാര്യ നഗരസഭ എഡിഎസ് ചെയർപേഴ്സൺ റെയ്മോൾ ആണ്. ആളപായമില്ല.

41-ാം വാർഡിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ കപ്പിത്താൻ വീട്ടിൽ സെബാസ്റ്റ്യന്റെ വിട്ടിന്റെ മേൽ കൂരയിലേക്ക് സമീപത്തുണ്ടായിരുന്ന വലിയ പരുത്തി മരം അടിഭാഗം മുറിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാകെ തകർന്നു. വീട്ടുകാർ കുട്ടികളോടൊത്ത് പള്ളിയിൽ പോയപ്പോഴായിരുന്നു കാറ്റു വീശി മരം വീണത്. അതിനാൽ ആളപായമുണ്ടായില്ല. ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. കുട്ടികളുടെ പുസ്തകങ്ങളും മറ്റും മഴയിൽ നനഞ്ഞ് ഉപയോഗശൂന്യമായി.

ഏഴാം വാർഡിലെ റോക്ക് വെൽ പമ്പ് ഹൗസിന് സമീപം പാറക്കാട്ടിൽ ഷാജിയുടെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് വീടിന്റെ ടെറസ്സിൽ ഇരുമ്പ് തൂണുകളിൽ നിർമ്മിച്ച ജിഐ ഷീറ്റ് മേൽക്കൂര ശക്തമായ കാറ്റിൽ പറന്നാണ് താഴെ വീടിന്റെ മുൻ ഭാഗത്തേക്ക് വീണത്. ആ സമയത്ത് വീടിന് മുന്നിൽ ആരുമുണ്ടായിരുന്നില്ല.












Click it and Unblock the Notifications