അപകടങ്ങള്‍ കുറയാതെ നഗരം; കോഴിക്കോട്ട് കഴിഞ്ഞ മാസം ജീവന്‍ നഷ്ടപ്പെട്ടത് 17 പേര്‍ക്ക്
കോഴിക്കോട്: വാഹനാപകടം കുറയ്ക്കാന്‍ ബോധവത്കരണവും ക്ലാസുമായി ട്രാഫിക് പൊലീസും ട്രോമകെയറും സന്നദ്ധ സംഘടനകളുമെല്ലാം സജീവമാകുമ്പോഴും നഗരത്തിലെ അപകടനിരക്ക് കുത്തനെ മുകളിലേക്ക്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 17 അപകട മരണങ്ങളാണ് നഗരത്തില്‍ ഉണ്ടായത്. 2018ല്‍ ഇതുവരെ ഏറ്റവുമധികം മരണം സംഭവിച്ചതും മെയ് മാസത്തിലാണ്.
കഴിഞ്ഞമാസം നഗരത്തില്‍ 114 അപകടങ്ങളാണ് ട്രാഫിക് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 75 പേര്‍ക്ക് ഗുരുതരപരിക്കും 36 പേര്‍ക്ക് നിസാരപരിക്കുമേറ്റിട്ടുണ്ട്. മാവൂര്‍ റോഡിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചതും കഴിഞ്ഞ മാസമായിരുന്നു. കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് അപകടങ്ങള്‍ വളരെ കൂടുതലാണെന്നും ട്രാഫിക് പൊലീസ് പറയുന്നു.

നഗരത്തിലെത്തുന്ന വാഹനങ്ങളുടെ അമിതവേഗത തന്നെയാണ് അപകടം കൂടാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. ഓരോ വര്‍ഷം കഴിയുംതോറും നഗരത്തിലെ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കാല്‍നടയാത്രക്കാരെ വാഹനയാത്രക്കാര്‍ നിരത്തില്‍ ശ്രദ്ധിക്കാത്തതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. ബസുകളുടെയും മറ്റും മരണപ്പാച്ചില്‍ കാരണം കാല്‍നടയാത്രക്കാര്‍ക്ക് സീബ്രാലൈനില്‍കൂടി പോലും മുറിച്ചു കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. സീബ്രാലൈനില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്തണമൊണ് നിയമമെങ്കിലും പോലീസ് തൊട്ടടുത്ത് നില്ക്കുമ്പോഴും പലപ്പോഴും നിര്‍ത്താറില്ല. സീബ്രാലൈനില്‍ പകുതി ദൂരം പിന്നിട്ടവര്‍ പലപ്പോഴും കൈയും കലാശവും കാണിച്ചാലാണ് വാഹനങ്ങള്‍ നിര്‍ത്തുക. പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ വീണ്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 2017ല്‍ കോഴിക്കോട് നഗരത്തില്‍ അപകടങ്ങളില്‍ മൊത്തം 186 പേര്‍ മരണപ്പെട്ടിരുന്നു. ഇതില്‍ കൂടുതല്‍ പേരും അപകടത്തില്‍പ്പെട്ടത് ഇരുചക്രവാഹനങ്ങള്‍ വഴിയാണ്.












Click it and Unblock the Notifications