ശരീരേഛകള്‍ക്കു പിന്നാലെ പായുന്നവര്‍ ആത്യന്തികമായി നാശത്തിലേക്ക്: കാന്തപുരം
മലപ്പുറം: ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും ശരീരേഛകള്‍ക്കു പിന്നാലെ പായുന്നവര്‍ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും കാന്തപുരം പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിക്കു വേണ്ടിയാണ് ആത്മീയ വേദികള്‍. ഭൗതികമായ താത്പര്യങ്ങള്‍ക്കപ്പുറം ഉന്നതമായ ലക്ഷ്യമാണ് അവയ്ക്കുള്ളത്. ആത്മാവിന്റെ പോഷണത്തിന് ദിക്റുകളും തസ്്ബീഹുകളും പ്രാര്‍ത്ഥനകളും അത്യാവശ്യമാണ്. അതാണ് വിശുദ്ധ റംസാന്‍ നല്‍കുന്ന പാഠവും സന്ദേശവും. മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനം ഈ രംഗത്താണ് പ്രസക്തമാകുന്നത്. സമൂഹം തിന്മകളില്‍ മുഴുകുമ്പോഴാണ് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ നാട്ടില്‍ വ്യാപിക്കുന്നത്. എല്ലാതരം തിന്മകളില്‍ നിന്നും മാറി നിന്ന് അന്യരുടെ അഭിമാനം നശിപ്പിക്കാതെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ നേരായ പാതയീലൂടെ മുന്നേറാനുള്ള സന്ദേശമാണ് പുണ്യമാസം നല്‍കുന്നതെന്നും കാന്തപുരം പറഞ്ഞു.

ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
വ്യക്തിശുദ്ധിയും പരിസര ശുചീകരണവും വിശ്വാസിയുടെ വിശ്വാസപരമായ ബാധ്യതയാണെന്നും അതില്ലാതെ മതം പൂര്‍ണമാകില്ലെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു. ആന്തരികവും ബാഹ്യവുമായ വിമലീകരണമാണ് ആധ്യാത്മികതയുടെ അര്‍ത്ഥം. വിശുദ്ധ ഖൂര്‍ആനില്‍ പ്രധാന പാഠങ്ങളിലൊന്നായി പറയുന്നത് ശുചിത്വത്തെപ്പറ്റിയാണ്. പ്രവാചക ജീവിതത്തിലും ആധ്യാപനങ്ങളിലും ഇത് നിറഞ്ഞു നില്‍ക്കുന്നു.
രോഗ പ്രതിരോധത്തിനും ശുചിത്വപരിപാടികള്‍ക്കുമുള്ള സര്‍ക്കാര്‍ പദ്ധതികളോടും പരിപാടികളോടും പൂര്‍ണമായും സഹകരിക്കണം. അവയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് തിരുനബിയുടെ പാഠങ്ങളെ വെല്ലുവിളിക്കലാണ്. ഇക്കാര്യം ഊന്നിപ്പറയാനാണ് ശുചിത്വവും വിശ്വാസവും എന്നത് ഈ വര്‍ഷത്തെ റംസാന്‍ ആത്മീയ സമ്മേളനത്തിന്റെ മുഖ്യ പ്രമേയമായി നിശ്ചിച്ചത്.
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് സമുദായത്തിന്റെ അടിസ്ഥാന സംവിധാനങ്ങളായ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ വേണമെന്നും മഹല്ലു കമ്മിറ്റികളില്‍ ആരോഗ്യ സെല്ലുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ ലക്ഷ്യത്തോടെയാണ് ഹോസ്‌പൈസ് എന്ന ആരോഗ്യ പരിപാലന പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു












Click it and Unblock the Notifications