ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നും, നാലും കണ്‍മണികള്‍ ഇന്ന് സ്‌കൂളിലെത്തി
മലപ്പുറം: മലപ്പുറത്ത് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്നും, നാലും കണ്‍മണികള്‍ ഇന്ന് സ്‌കൂളിലെത്തി.പൊന്നാനി ഷിനീഷ് കണ്ണത്തിന്റെയും റിജിനയുടെയും മക്കളായ മഴ, ആരോണ്‍ ആരിഫ്, അശോകവനി മൂന്നു സഹോദരങ്ങള്‍ പുറങ്ങ് ഗവ -എല്‍.പി.സ്‌കൂളിലെ പ്രീ-പ്രൈമറിയിലെത്തിയപ്പോള്‍ ചങ്ങരംകുളം കോക്കൂര്‍ പോസ്റ്റ് ഓഫീസിനുസമീപത്ത് താമസിക്കുന്ന കാണിയില്‍ ഹുസൈന്‍-സല്‍മ ദമ്പതികളുടെ ഒറ്റപ്രസവത്തില്‍ ജനിച്ച നാലുമക്കളാണ് ഇന്ന് കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജിയില്‍ എത്തിയത്. മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹിഷാം, ഫാത്തിമ ഹനീന, ഫാത്തിമ ഹംന എന്നീ നാല്‍വര്‍ സംഘമാണ് സ്‌കൂളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ക്കും കൗതുകമായത്.
ഷിനീഷ് കണ്ണത്തിന്റെയും, ഭാര്യ റിജിനയുടെയും ആദ്യത്തെ കണ്‍മണികളാണ് ആരോണ്‍ ആരിഫും, അശോകവനിയും, മഴയും. ഒരേ പ്രസവത്തില്‍ ജനിച്ച മൂവരും ഇത്തവണ പുറങ്ങ് ഗവ -എല്‍.പി.സ്‌കൂളിലെ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളായി ഇനി അക്ഷരംപഠിക്കും. കുറുമ്പുകാട്ടിയും, പരസ്പരം കലപില കൂടിയും നടന്നിരുന്നവര്‍ പുതിയ ബാഗും, യൂണിഫോമുമണിഞ്ഞ് ഗൗരവക്കാരായാണ് ഇന്ന് സ്‌കൂളിലെത്തിയത്. 2014 മെയ് മൂന്നിനാണ് മൂവരുടെയും ജനനം. മൂവരും സദാസമയവും, ഒരുമിച്ചു തന്നെയാണ് നടത്തവും, കളിയും .കഴിഞ്ഞ വര്‍ഷം മുതല്‍ അംഗന്‍വാടിയില്‍ പോയിരുന്നതിനാല്‍ എല്‍ കെ ജി യിലേക്ക് പോകാനും ഇവര്‍ക്ക് വിഷമമൊന്നുമില്ല .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ കുട്ടികള്‍ പഠിക്കട്ടെയെന്ന നിലപാടിലാണ് അച്ഛന്‍ഷിനീഷും അമ്മ റിജിനയും. തൊട്ടടുത്ത സര്‍ക്കാര്‍ വിദ്യാലയംതന്നെയാണ് പുറങ്ങ് ജി.എല്‍.പി.സ്‌കൂള്‍.

കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജിയില്‍ ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്‍മണികള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്. ഇവര്‍ക്ക് അഞ്ച് വയസായി. സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന ഭൗതികസാഹചര്യങ്ങളുള്ള ഈ സ്‌കൂളില്‍ മികച്ച ശിക്ഷണം കുട്ടികള്‍ക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്‌കൂളിലേക്ക്. സ്‌കൂള്‍വാഹനം വീട്ടുമുറ്റത്തെത്തും. സല്‍മയുടെ രണ്ടാമത്തെ പ്രസവത്തിലാണ് ഈ നാല് കണ്‍മണികളും പിറന്നത്. ആദ്യപ്രസവത്തില്‍ ജനിച്ച ഇഹ്സാനക്ക് ഇപ്പോള്‍ വയസ് ഇരുപതായി. ഡിഗ്രി ഫൈനല്‍ കഴിഞ്ഞ് ഇപ്പോള്‍ സിഎക്ക് ചേര്‍ന്നിരിക്കുകയാണ്. ഇഹ്സാനക്ക് 15 വയസുള്ളപ്പോഴാണ് സല്‍മയുടെ രണ്ടാം പ്രസവം. ഇപ്പോള്‍ നാലുപേര്‍ക്കും അഞ്ചുവയസ് തികയുന്നു. ഇഹ്സാനയെ പ്ലസ്ടുവരെ പഠിപ്പിച്ചതും സര്‍ക്കാര്‍ സ്‌കൂളില്‍തന്നെ.
വര്‍ഷങ്ങളായി ദുബായിയിലെ ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ് ഹുസൈന്‍. മക്കളായ നാല്‍വര്‍സംഘം സ്‌കൂളിലേക്ക് പോകുന്നതിന്റെ സന്തോഷം ദുബായിയിലെ ജോലിസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവയ്ക്കുകയാണ് ഹുസൈന്‍.












Click it and Unblock the Notifications