പ്രതിഷേധം ഫലം കണ്ടു; സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ലോക്കലായി; ആര്‍ത്തുവിളിച്ച് ജനങ്ങള്‍
താനൂര്‍: ട്രെയിന്‍ എന്‍ജിന്‍ 'പണിമുടക്കി'യതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ ബഹളം. സ്റ്റേഷന്‍ മാസ്റ്ററോട് യാത്രക്കാര്‍ തട്ടിക്കയറി. എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സ്റ്റേഷന്‍മാസ്റ്റര്‍ കൈമലര്‍ത്തി. ഒടുവില്‍ യാത്രക്കാര്‍ തന്നെ തീരുമാനമെടുത്തു. അടുത്ത ട്രെയിന്‍ തടഞ്ഞു നിര്‍ത്തി എല്ലാവരും കയറുക, അത്രതന്നെ!!

പിന്നീട് ഒരുതരത്തില്‍ സംഭവിച്ചതും അതുതന്നെ. രാവിലെ 8.15ന് താനൂരിലെത്തുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനാണ് എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് പിടിച്ചിട്ടത്. പള്ളിപ്പുറം വിട്ടപ്പോള്‍ തന്നെ ട്രെയിന്‍ വേഗത കുറച്ചിരുന്നു. തിരുനാവായയും തിരൂരും പിന്നിട്ട് താനൂരിലെത്തിയപ്പോഴേക്കും തകരാര്‍ പൂര്‍ണമായി.
ഇനി പുതിയ എന്‍ജിന്‍ വന്നതിന് ശേഷമേ പുറപ്പെടൂവെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സൂചന നല്‍കിയതോടെയാണ് ബഹളമായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്നിറങ്ങി. തൊട്ടുപിന്നാലെ വരുന്ന കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ നിര്‍ത്തിതരണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.

അത് സാധിക്കില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. താനൂരില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനാണ് കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി. 9.50ന് വരുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി സ്റ്റേഷനില്‍ നിര്‍ത്തുമെന്നും യാത്രക്കാര്‍ക്ക് അതില്‍ കയറാമൈന്നും സ്റ്റേഷന്‍മാസ്റ്റര്‍ പറഞ്ഞെങ്കിലും യാത്രക്കാര്‍ അംഗീകരിച്ചില്ല.
കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എത്തിയപ്പോള്‍ ജനങ്ങള്‍ ട്രാക്കിലും മറ്റും നിറഞ്ഞുനിന്നു. എല്ലാ ബോഗികളിലും ആളുകള്‍ തിങ്ങികയറി. ഗാര്‍ഡിന്റെയും സ്റ്റാഫിന്റെയും ബോഗികളില്‍ വരെ യാത്രക്കാര്‍ നിറഞ്ഞു. അതോടെ ഇന്റര്‍സിറ്റി തീര്‍ത്തും ലോക്കല്‍ പാസഞ്ചര്‍ ട്രെയിനായി മാറി. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്നു മറ്റൊരു എന്‍ജിനെത്തിയ ശേഷം രണ്ടര മണിക്കൂര്‍ വൈകി 10.50നാണ് താനൂരില്‍ നിന്നു പുറപ്പെട്ടത്.












Click it and Unblock the Notifications