പഞ്ചാരക്കൊല്ലിയിലെത്തിയ വനംമന്ത്രിയെ തടഞ്ഞ് നാട്ടുകാർ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ. മന്ത്രിയെ ഇവർ കൂകി വിളിച്ചു. റോഡിൽ കിടന്നും കുത്തിയിരുന്നുമെല്ലാം ആളുകൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും രാധ വനത്തിനുള്ളിൽ പ്രവേശിച്ചതാണ് കടുവ ആക്രമിക്കാൻ കാരണമായതുമെന്ന മന്ത്രിയുടെ പ്രസ്താവന തിരുത്തി കുടുംബത്തോട് മാപ്പ് പറയാതെ ഒരടി മുന്നോട്ട് നീങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു.
അതേസമയം മന്ത്രിയെ തടഞ്ഞതോടെ വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോൺഗ്രസ് ഇവിടെ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പ്രതിഷേധം കനത്തതോടെ ശക്തമായ സുരക്ഷാവലയത്തിൽ മന്ത്രിയെ പോലീസ് സംഘം രാധയുടെ വീട്ടിലെത്തിച്ചു. അൽപനേരം കുടുംബാംഗങ്ങളോട് സംസാരിച്ച അദ്ദേഹം വേഗം തന്നെ കാറിൽ ബേസ് ക്യാമ്പിലേക്ക് മടങ്ങി.

നരഭോജി കടുവയെ പിടികൂടാൻ വൈകുന്നതിൽ നാട്ടുകാർ വലിയ പ്രതിഷേധം തീർക്കുന്നുണ്ട്. അതിനിടെ ഇന്ന് ദൗത്യസംഘത്തിലെ അംഗത്തിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു . ജയസൂര്യ എന്നയാൾക്കാണ് പരിക്കേറ്റത്. തറാട്ട് ഭാഗത്ത് തിരച്ചിലിന് ഇറങ്ങിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജയസൂര്യയുടെ കൈയ്യിൽ മാന്തുകയായിരുന്നു.
അതേസമയം കടുവയെ കണ്ടെത്താൻ ഊർജിതമായ ശ്രമങ്ങളാണ് നടക്കുന്നത്.നിലനിൽ 80 അംഗ ആർആർടി സംഘമാണ് പ്രദേശത്ത് ഉള്ളത്. ഇവർ 8 ഗ്രൂപ്പുകളായി തിരിഞ്ഞാണു തിരച്ചിൽ നടത്തുന്നത്. രാധായെ ആക്രമിച്ച സ്ഥലത്തിന് സമീപത്ത് അടക്കം രണ്ട് കൂടുകളാണ് ഇപ്പോൾ വെച്ചിരിക്കുന്നത്. 38 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇത്രയൊക്കെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടും കടുവ എവിടെ എന്ന് സ്ഥിരീകരിക്കാൻ പോലും ദൗത്യസംഘത്തിന് സാധിച്ചിട്ടില്ല. കടുവയെ ജീവനോടെ പിടികൂടിയാൽ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് എഡിഎം ഇന്നലെ അറിയിച്ചിരുന്നു. കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം തന്നെ സർക്കാർ ഉത്തരവിറക്കിയിരുന്നു.
തിരച്ചിൽ തുടരുമ്പോഴും ഇന്നലെ രാത്രി അടക്കം കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. ഇന്നലെ രാത്രി നൗഫൽ എന്നയാളുടെ വീടിന് സമീപത്തായി കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. രാധ മരിച്ച് കിടന്ന സ്ഥലത്തിന് സമീപത്ത് തന്നെയാണ് കടുവ ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.












Click it and Unblock the Notifications