പുളിച്ച തെറി, കിടത്തി ചവിട്ടി, മൂത്രം കുടിപ്പിച്ചു; പിണറായിയുടെ പോലിസ്, നടുക്കുന്ന മര്‍ദ്ദനമുറ
അയല്‍വാസിയുമായുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച മരിയാപുരം വെളിയാംകുന്നത് ഷിബു ഗോപാലനെയാണ് പോലിസ് മര്‍ദ്ദിച്ച് അവശനാക്കിയത്.
ഇടുക്കി: കേരളത്തില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കടുത്ത മര്‍ദ്ദനമുറകള്‍ നേരിടേണ്ടി വന്ന മധ്യവയസ്‌കന്‍ ആശുപത്രിയില്‍. ഇടുക്കിയിലെ കര്‍ഷകനാണ് പോലിസിന്റെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായത്.
അയല്‍വാസിയുമായുള്ള തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച മരിയാപുരം വെളിയാംകുന്നത് ഷിബു ഗോപാലനെയാണ് പോലിസ് മര്‍ദ്ദിച്ച് അവശനാക്കിയത്. ഹൃദ്രോഗിയായ കര്‍ഷകനാണ് ഷിബു. ഇയാളെ പോലിസ് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഇടുക്കി തങ്കമണി പോലിസ് സ്‌റ്റേഷനിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. സ്വകാര്യവ്യക്തിയുമായി ഷിബുവിന് വഴിത്തര്‍ക്കമുണ്ടായിരുന്നു. ഇതു പരിഹരിക്കാനാണ് പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് ഷിബുവിന്റെ കുടുംബം.

സ്വകാര്യവ്യക്തിയുടെ പരാതിയില്‍ ഷിബുവിനെ തേടി പോലിസ് വീട്ടിലെത്തിയിരുന്നു. ഷിബുവിനോട് ജീപ്പുമായി സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. എന്നാല്‍ സ്റ്റാര്‍ട്ടാവത്തതിനെ തുടര്‍ന്ന് ഇയാള്‍ നടന്നാണ് സ്റ്റേഷനിലെത്തിയത്.

പോലിസ് സ്‌റ്റേഷനിലെത്തിയ ഉടനെ തെറിവിളിയും മര്‍ദ്ദനവും തുടങ്ങുകയായിരുന്നുവെന്ന് ഷിബു പറയുന്നു. മുഖത്ത് അടിയേറ്റ് നിലത്തുവീണ ഷുബിവിനെ പോലിസുകാര്‍ ചുറ്റും നിന്ന് ചവിട്ടി.

വയറിന്റെ ഇരുവശത്തും പിടിച്ച് ഉയര്‍ത്തിയ ശേഷം വീണ്ടും മര്‍ദ്ദിച്ചു. കേട്ടാല്‍ അറയ്ക്കുന്ന തെറിയായിരുന്നു പിന്നീട്. വെള്ളം ചോദിച്ചപ്പോള്‍ പോലിസുകാര്‍ മൂത്രം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

കാര്യങ്ങള്‍ കൈവിട്ടെന്ന് ബോധ്യപ്പെട്ട പോലിസ് ഷിബുവിനെ കാമാക്ഷി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികില്‍സ നല്‍കി. തിരിച്ച് സ്‌റ്റേഷനിലെത്തിച്ച് ഏറെ നേരം കഴിഞ്ഞ് ജാമ്യത്തില്‍ വിടുകയായിരുന്നു.

സ്റ്റേഷനില്‍ നിന്നു വീട്ടിലേക്ക് പോകവെ റോഡില്‍ കുഴഞ്ഞുവീണ ഷിബുവിനെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇടതുകണ്ണിനും തലയ്ക്കും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. ഷിബുവിനെ ഇപ്പോല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പോലിസ് മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ഷിബുവിന്റെ ഭാര്യ ലതയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി, പോലിസ് സൂപ്രണ്ട്, മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്നും നീതി ലഭ്യമാക്കണമെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പോലിസ് പറയുന്നത് മറ്റൊന്നാണ്. ഷിബുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് തങ്കമണി സ്റ്റേഷനിലെ എസ്‌ഐ പറഞ്ഞു. മര്‍ദ്ദിച്ചുവെന്നത് ശരിയല്ലെന്നും പോലിസ് അറിയിച്ചു.

രോഗിയാണെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അല്ലാതെ മര്‍ദ്ദിച്ച് പരിക്കേറ്റിട്ടല്ല. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മര്‍ദ്ദിച്ചുവെന്ന് പറയുന്നത് കള്ളമാണെന്നും പോലിസ് അവകാശപ്പെടുന്നു.












Click it and Unblock the Notifications