'രാഹുല്‍ ഗാന്ധി കത്തയച്ചത് ഡിസംബര്‍ 12 നാണ്, ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ പ്രഖ്യാപനം 28 നും
തിരുവനന്തപുരം: ലോക കേരള സഭയ്ക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ച് കത്ത് അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽഗാന്ധി കത്തയച്ചത് ഡിസംബർ 12 നാണ്. ലോകകേരള സഭ ബഹിഷ്‌ക്കരിക്കാനായി യുഡിഎഫ് ഒറ്റകെട്ടായി എടുത്ത തീരുമാനം പ്രഖ്യാപിക്കുന്നത് ഡിസംബർ 28 ന് നടത്തിയ പത്രസമ്മേളനത്തിലാണ്. വസ്തുതകൾ ഇതായിരിക്കെ വിവാദം സൃഷ്ടിക്കാനുള്ള നടപടി മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ രമേശ് ചെന്നിത്തല കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം
ലോക കേരള സഭയ്ക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ച് കത്ത് അയച്ചു എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഒരു റ്റ്വിറ്റർ സന്ദേശം കണ്ടു. അത് വസ്തുതാ വിരുദ്ധമാണ്. ലോക കേരള സഭയിൽ പങ്കെടുക്കണം എന്നും, പിന്തുണ വേണം എന്നുമുള്ള മുഖ്യമന്ത്രിയുടെ കത്തിനു മറുപടി മാത്രമാണ് രാഹുൽ ഗാന്ധി അയച്ചത്, അതും ഒരു സന്ദേശ രൂപത്തിൽ.
ഒരു കത്ത് അയച്ചാൽ അതിനു മറുപടി നൽകുന്നത് മാന്യതയാണ്. കത്തിൽ കേരളത്തിന്റെ വികസനത്തിനു ലോക മലയാളികൾകുള്ള പങ്കിനെയാണ് അഭിനന്ദിക്കുന്നത്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമുള്ള കാര്യമല്ലല്ലോ. പിന്നെ പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനുള്ള നല്ല ഒരു പ്ലാറ്റ്ഫോം ആണ് ലോക കേരള സഭ എന്നും പറയുന്നുണ്ട്. അത് കൊണ്ടാണല്ലോ ഒന്നാം ലോക കേരള സഭയിൽ പ്രതിപക്ഷം നല്ല രീതിയിൽ സഹകരിച്ചത്. ഇതിനെ രണ്ടാം ലോക കേരള സഭയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ പിന്തുണയായി ചിത്രീകരിക്കുന്നത് ബാലിശമാണ്.
മാത്രമല്ല രാഹുൽഗാന്ധി കത്തയച്ചത് ഡിസംബർ 12 നാണ്. ലോകകേരള സഭ ബഹിഷ്‌ക്കരിക്കാനായി യുഡിഎഫ് ഒറ്റകെട്ടായി എടുത്ത തീരുമാനം പ്രഖ്യാപിക്കുന്നത് ഡിസംബർ 28 ന് നടത്തിയ പത്രസമ്മേളനത്തിലാണ്. വസ്തുതകൾ ഇതായിരിക്കെ വിവാദം സൃഷ്ടിക്കാനുള്ള നടപടി മുഖ്യമന്ത്രിക്ക് ചേർന്നതല്ല.
പ്രതിപക്ഷം രണ്ടാം ലോക കേരള സഭ ബഹിഷ്കരിക്കുന്നത്, അത് ഒരു പ്രഹസനമായി മാറിയത് കൊണ്ടാണ്. അതോടൊപ്പം നടത്തുന്ന ധൂർത്തിനോട് ശക്തമായ എതിർപ്പ് ഉള്ളത് കൊണ്ടാണ്.ഒന്നാം ലോക കേരള സഭ എടുത്ത പ്രധാന
തീരുമാനങ്ങൾ ഒന്നും തന്നെ സർക്കാർ നടപ്പാക്കിയില്ല. സർക്കാരിന്റെയും, കമ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രവാസി വിരുദ്ധ നിലപാടുകൾ കാരണം രണ്ട്
പ്രവാസികൾ ആത്മഹത്യ ചെയ്തു. ഒന്നര കോടി രൂപ ചിലവിൽ നവീകരിച്ച ഹാൾ, വീണ്ടും 16 കോടി ചിലവിൽ ആർഭാടമാക്കുന്നു.