'ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട'.. തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് പ്രവചിച്ച് ജോയ് മാത്യു
കേരളത്തിൽ ആര് നേട്ടമുണ്ടാക്കുമെന്നും രാജ്യം ആര് ഭരിക്കും എന്നും അറിയാൻ ഇനിയുളളത് മണിക്കൂറുകൾ മാത്രമാണ്. അതിന് മുൻപ് കൂട്ടലും കിഴിക്കലും നടത്തിക്കൊണ്ടിരിക്കുകയാണ് വിവിധ പാർട്ടികളും മുന്നണികളും. എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. അതിനിടെ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നതിന്റെ വ്യത്യസ്തമായ പ്രവചനം നടത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''ഇനി ഞാനായിട്ട് പ്രവചിച്ചില്ലെന്ന് വേണ്ട. എന്റെ വകയായിട്ടൊന്നും കിട്ടിയില്ല എന്നും പറയരുത് (ശ്രദ്ധിക്കുക, ഇത് അല്പമെങ്കിലും നർമ്മബോധം ഉള്ളവർക്ക് മാത്രം ). ഇന്ത്യ ആരുഭരിക്കണം എന്നൊന്നും പ്രവചിക്കാൻ ഞാൻ ആളല്ല. എന്നാൽ എന്റെ കൊച്ചു കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏത് മുന്നണി ലീഡ് നേടും എന്ന് പ്രവചിക്കാനും വാതുവെക്കാനും ഞാൻ തയ്യാറാണ്.

ഏറെ ഗണിച്ചും ഹരിച്ചുമാണ് ഞാൻ എന്റെ നിഗമനങ്ങളിലേക്ക് എത്തിച്ചേർന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മനുഷ്യർ ഏറ്റവുമധികം ചൂടുപിടിച്ച രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുള്ളത് ഫേസ് ബുക്ക് എന്നാ സോഷ്യൽ മീഡിയയിലൂടെയാണ്. അതിനാൽ എന്റെ പ്രവചനം ഫേസ് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും.
ഫേസ് ബുക്കിൽ ഏറ്റവും മോശപ്പെട്ട ഭാഷാപ്രയോഗങ്ങൾ, തെറിയഭിഷേകങ്ങൾ, തേജോവധങ്ങൾ തുടങ്ങിയവ നടത്തിയ പാർട്ടി യെയായിരിക്ക്കും ജനങ്ങൾ മൂന്നാം സ്ഥാനത്തേക്ക് തള്ളുക. മൂന്നാംസ്ഥാനക്കാരനെക്കാൾ അല്പം കടുപ്പം കുറഞ്ഞ തെറി, ഭാഷ, തേജോവധം തുടങ്ങിയവ നടത്തിയവർ രണ്ടാം സ്ഥാനക്കാരാകും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏറ്റവും കുറഞ്ഞ അളവിൽ ഭാഷ, അസഭ്യം, തേജോവധങ്ങൾ തുടങ്ങിയവ നടത്തിയവർ ഒന്നാം സ്ഥാനത്തും എത്തും. അതാണ് സാക്ഷരകേരളം മുന്നണികൾക്ക് കല്പിച്ച വിജയം. അതിനാൽ രണ്ടും മൂന്നും സ്ഥാനക്കാർ ഇനിയെങ്കിലും അവരുടെ സ്വഭാവവും ഭാഷയും നന്നാക്കിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനക്കാരാവാം''.












Click it and Unblock the Notifications