തിരുവനന്തപുരത്ത് സർപ്രൈസ്, വയനാട്ടിലും മത്സരം പൊടിപാറും; കേരളത്തിൽ വമ്പൻ പ്ലാനുമായി ബിജെപി
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരളത്തിൽ വമ്പൻ പദ്ധതിയുമായി കരുക്കൾ നീക്കി ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും കേരളത്തിൽ ബിജെപി സ്വപ്നം കാണുന്നില്ല. ആറ് സീറ്റുകളണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ചിട്ടയായ പ്രവർത്തനവും ശക്തരായ സ്ഥാനാർത്ഥികളേയും രംഗത്തിറക്കിയാൽ വലിയ മുന്നേറ്റം ബിജെപി പ്രതീക്ഷിക്കുന്നു. ഇതിൻറെ ആദ്യ പടിയായി ഓരോ മണ്ഡലങ്ങളിലും മൂന്ന് വീതം സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുകയാണ് നേതൃത്വം. സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് മേൽക്കൈ നേടുകയാണ് ലക്ഷ്യം.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രനേതാക്കളെ തന്നെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് നേതൃത്വം നടത്തുന്നതെന്നാണ് സൂചന. നിലവിൽ ബിഡിജെഎസിനാണ് വയനാട് സീറ്റ്. ഇത് ബിജെപി ഏറ്റെടുത്ത് ദേശീയ നേതാക്കളെ മത്സരിപ്പിക്കാനാണ് ആലോചന.അത്തരമൊരു പോരാട്ടം സംസ്ഥാനത്ത് ബിജെപിക്ക് വലിയ ഊർജം നൽകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കേന്ദ്ര നേതാക്കൾ ഇല്ലെങ്കിൽ മുതിർന്ന നേതാക്കളെ ഇവിടെ പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളും ഇവിടെ ചർച്ചയാകുന്നുണ്ട്.

ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലം തൃശൂരാണ്. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാനാകുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും കൂടുതൽ വോട്ട് നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പരാജയത്തിന് ശേഷവും മണ്ഡലം കേന്ദ്രീകരിച്ച് തീവ്രമായി അദ്ദേഹം പ്രവർത്തിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
തൃശൂരിനോടൊപ്പം ബിജെപി തിരുവനന്തപുരത്തും അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന് 3 ലക്ഷത്തോളം വോട്ടുവകൾ ഇവിടെ നേടാൻ കഴിഞ്ഞിരുന്നു. കോൺഗ്രസിന് വേണ്ടി ശശി തരൂർ തന്നെയാണ് മണ്ഡലത്തിൽ മത്സരിക്കുന്നതെങ്കിൽ കേന്ദ്രനേതാക്കളെ ഇറക്കി മത്സരം കടുപ്പിച്ചേക്കും. നിലവിൽ കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.
കാസർഗോജ് മണ്ഡലത്തിൽ നിന്ന് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ തന്ത്രി എന്നിവരാണ് പരിഗണിക്കുന്നത്. കണ്ണൂരിൽ പ്രഫുൽ കൃഷ്ണൻ, കെ രഞ്ജിത്തും എന്നീ പേരുകൾക്കാണ് സാധ്യത. കോഴിക്കോട് സീറ്റിൽ എംടി രമേശിന് സാധ്യതയുണ്ട്. എറണാകുളത്ത് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയെ ആകും മത്സരിപ്പിച്ചേക്കുക.
ഇടുക്കി,ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങൾ ബിഡിജെഎസിന് നൽകിയേക്കും. അങ്ങനെയെങ്കിൽ ആലപ്പുഴയിൽ തുഷാർ ആയിരിക്കും മത്സരിച്ചേക്കുക. ചാലക്കുടി മണ്ഡലത്തിൽ ജേക്കബ് തോമസിനാണ് സാധ്യത. തിരുവനന്തപുരത്ത് ആറ്റിങ്ങൽ മണ്ഡലത്തിൽ മന്ത്രി വി മുരളീധരൻ മത്സരിച്ചേക്കും. അദ്ദേഹത്തോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതൃത്വം നിർദ്ദേശിച്ചിരുന്നു. പത്തനംതിട്ടയിൽ പി സി ജോർജിന്റെ പേരാണ് ചർച്ചയാകുന്നത്. താൻ ഉടൻ തന്നെ ബി ജെ പിയിൽ ചേരുമെന്ന് പിസി ജോർജ് പറഞ്ഞിരുന്നു.












Click it and Unblock the Notifications