സുരേഷ് ഗോപിക്ക് വേണ്ടി ദേശീയ നേതൃത്വം തന്ത്രം മെനയും, സർപ്രൈസ് സ്ഥാനാർത്ഥികളും; സർവ്വേയിലെ കണ്ടെത്തൽ ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ മത്സരം കാഴ്ച വെക്കാൻ ബി ജെ പി. 6 മണ്ഡലങ്ങളാണ് ബി ജെ പി 'എ' ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്നത്. എന്നാൽ മറ്റ് 14 മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിന് കളമൊരുക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. വോട്ട് ശതമാനം കൂട്ടാൻ കിണഞ്ഞ് പരിശ്രമിക്കണമെന്നും നേതൃത്വം നിർദ്ദേശിക്കുന്നു.
തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, ആറ്റിങ്ങൽ എന്നീ 6 മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങളായി കാണുന്നത്. ഇതിൽ തൃശൂരും തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും പ്രവർത്തനം. അതിശക്തരെ തന്നെയായിരിക്കും മത്സരിപ്പിച്ചേക്കുകയെന്നാണ് നേതൃത്വം നൽകുന്ന സൂചനകൾ. 'സർപ്രൈസ് സ്ഥാനാർത്ഥികൾ' എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പേര് തുടക്കം മുതൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ശശി തരൂർ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നുണ്ടെങ്കിൽ നിർമലയെ മത്സരിപ്പിച്ചാലും ബി ജെ പിക്ക് വോട്ടുയർത്താൻ തന്നെ സാധിക്കുമോയെന്നതിൽ ആശങ്കയുണ്ട്. അതിനാൽ തരൂർ സ്ഥാനാർത്ഥിയാകുമോയെന്നത് കൂടി അടിസ്ഥാനപ്പെടുത്തിയാകും ബി ജെ പിയുടെ ഇവിടുത്തെ നീക്കങ്ങൾ. തരൂരെങ്കിൽ മുതിർന്ന നേതാവായിരിക്കും ഇവിടെ മത്സരിച്ചേക്കുക.
പത്തനംതിട്ടയിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 2.95 ലക്ഷം വോട്ടുനേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. മികച്ച സ്ഥാനാർത്ഥി ഇറങ്ങിയാൽ മണ്ഡലത്തിൽ വലിയ മുന്നേറ്റം നേടാമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വോട്ട് വിപുലീകരിക്കാൻ സാധ്യമായ സാഹചര്യമാണെന്നാണ് പാർട്ടി സർവ്വേയിലെ കണ്ടെത്തൽ. കഴിഞ്ഞ തവണ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു പത്തനംതിട്ടയിൽ മത്സരിച്ചത്. ഇത്തവണ പക്ഷേ സുരേന്ദ്രൻ മത്സരിച്ചേക്കില്ലെന്നാണ് സൂചന. പൊതുസമ്മതനായ വ്യക്തിയെ ആയിരിക്കും മണ്ഡലത്തിൽ പരിഗണിച്ചേക്കുക. അത് നടൻ ഉണ്ണി മുകുന്ദനാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഉണ്ണി ബി ജെ പി സ്ഥാനാർത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചതോടെ വിശ്വാസികൾക്കിടയിൽ ഉണ്ണിക്ക് വലിയ സ്വീകാര്യത ഉണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം താൻ മത്സരിക്കാൻ ഇല്ലെന്നാണ് മുൻപ് അഭ്യൂഹങ്ങളോട് ഉണ്ണി പ്രതികരിച്ചത്.
അതേസമയം തൃശൂരിൽ സുരേഷ്ഗോപി തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സുരേഷ് ഗോപിയുടെ ജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് ദേശീയ നേതൃത്വം നേരിട്ടായിരിക്കും നേതൃത്വം നൽകുക. ഒരു ലക്ഷം വോട്ടെങ്കിലും നേടിയാൽ തൃശൂർ കൈയ്യിലിരിക്കും എന്നാണ് പാർട്ടി വിലയിരുത്തൽ. അതിനാൽ മണ്ഡലത്തിൽ പ്രവർത്തനം വേഗത്തിലാക്കാനുള്ള നിർദ്ദേശവും നേതൃത്വം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications