സുരേഷ് ഗോപി കണ്ണൂരില്‍ നിന്ന് മത്സരിക്കും? ചര്‍ച്ചയായി താരത്തിന്റെ വാക്കുകള്‍
കണ്ണൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. പയ്യന്നൂരില്‍ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തന്നെ വരത്തനെന്ന് വിളിക്കാന്‍ വടക്കുള്ളവര്‍ക്ക് കുറച്ച് കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
കുറച്ച് കാലം കഴിഞ്ഞാല്‍ താന്‍ കണ്ണൂരുകാരുടെ സ്വന്തമായി വരാന്‍ സാധ്യതയുണ്ട് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ചയാളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. 'രണ്ടര വയസായപ്പോള്‍ അച്ഛന്റെ നാടായ കൊല്ലത്ത്. അവിടെ നിന്ന് പഠിച്ചു വളര്‍ന്നു. പിന്നീട് ഒരു ജോലി തേടി ചെന്നൈയിലേക്ക്. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാല് വര്‍ഷത്തെ അല്ലലുകള്‍ക്കും വ്യാകുലതകള്‍ക്കും ഇടയിലാണ് കരിയര്‍ നട്ടുവളര്‍ത്തിയത്,' സുരേഷ് ഗോപി പറഞ്ഞു.

ഇന്നത് നിങ്ങള്‍ക്കൊരു തണല്‍മരമായി കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് വളം നല്‍കി വേരുറപ്പിച്ചത് ചെന്നൈയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ 33 വര്‍ഷമായി ഭാര്യാ വീടുള്ള തിരുവനന്തപുരത്താണ് താമസം എന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയില്‍ നിന്ന് തീര്‍ത്തും ഒരു തെക്കനെ വേണമെങ്കില്‍ കുറച്ചു കാലത്തേക്ക് കൂടി നിങ്ങള്‍ക്ക് വരത്തന്‍ എന്ന പേര് ചാര്‍ത്തി തരാം.
എന്നാല്‍ അത് കഴിഞ്ഞാല്‍ നിങ്ങളുടെ സ്വന്തമാളായി താന്‍ വളര്‍ന്നു വരികയാണെങ്കില്‍ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും എന്നും സുരേഷ് ഗോപി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് സുരേഷ് ഗോപി. തൃശൂര്‍ മണ്ഡലമാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്.
അതിനിടെ കണ്ണൂരില്‍ നിന്ന് മത്സരിക്കാനുള്ള സന്നദ്ധതയും സുരേഷ് ഗോപി നടത്തിയിരുന്നു. മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചത്. പുതിയ പ്രസ്താവനയിലൂടെ സുരേഷ് ഗോപി കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന സംശയം വീണ്ടും ബലപ്പെടുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം താരത്തെ സത്യജിത്ത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കിയിരുന്നു.
മുന്‍കൂട്ടി അറിയിക്കാതെ തീരുമാനം പ്രഖ്യാപിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ട് എന്നാണ് വിവരം. താരം പദവി ഏറ്റെടുത്തേക്കില്ലെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപി പദവി ഏറ്റെടുക്കുമെന്നും ലോക്‌സഭയില്‍ മത്സരിച്ചേക്കുമെന്നുമുള്ള സൂചനകള്‍ ബി ജെ പി സംസ്ഥാന നേതൃത്വം നല്‍കിയിരുന്നു.












Click it and Unblock the Notifications