ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎമ്മും വിവിപാറ്റ് മെഷീനും പണിമുടക്കി, പലയിടത്തും വോട്ടെടുപ്പ് വൈകുന്നു
തിരുവനന്തപുരം: വോട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍. ഇതിനെ തുടര്‍ന്ന് പലയിടത്തും പോളിംഗ് വൈകുകയാണ്. മോക്ക് പോളിംഗില്‍ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോഴും യന്ത്രങ്ങളുടെ തകരാര്‍ തുടര്‍ന്നു. കോട്ടയം അയ്മനം 116-ാം ബൂത്തില്‍ വോട്ടെടുപ്പ് വൈകുകയാണ്.
വയനാട്ടില്‍ രണ്ടിടത്ത് വോട്ടെടുപ്പ് തടസപ്പെട്ടു. കോട്ടത്തറയിലെ ബൂത്ത് നമ്പര്‍ 23 ല്‍ വോട്ടെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ആറ്റിങ്ങല്‍ 154-ാം നമ്പര്‍ ബൂത്തിലും യന്ത്രത്തകരാറിനെ തുടര്‍ന്ന് പോളിംഗ് വൈകുകയാണ്. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിംഗിലും സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ 5.30 നാണ് മോക്ക് പോളിംഗ് ആരംഭിച്ചത്.

മോക്ക് പോളിംഗിനിടെ ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രവും തകരാറിലായി. ഇവിടങ്ങളില്‍ പകരം വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്‌നം വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട വെട്ടൂര്‍ 22-ാം ബൂത്തിലെ വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തരഹിതമായി ഇതിനെ തുടര്‍ന്ന് മോക്ക് പോളിംഗ് വൈകി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീനില്‍ തകരാറ് കണ്ടെത്തി.
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 1 ല്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ മെഷീന്‍ എത്തിച്ചു. കോഴിക്കോട് നടക്കാവ് സ്‌കൂള്‍ 51, 53 ബൂത്തിലും ഇവിഎം തകരാറിലായി. തൃക്കാക്കര വില്ലേജ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് സ്റ്റേഷന്‍ 91-ാം നമ്പര്‍ ബൂത്തില്‍ വിവിപാറ്റിന് തകരാറ് കണ്ടെത്തി.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ ഇരിങ്ങല്‍ യുപി സ്‌കൂളിലെ 17-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിക്കാനായില്ല. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌കൂളില്‍ നാലാം നമ്പര്‍ ബൂത്തിലും വോട്ടെടുപ്പ് വൈകി. തളിപ്പറമ്പ് പനങ്ങാട്ടൂര്‍ എല്‍പി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ -2), കൂനം യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 55) എന്നിവിടങ്ങളിലും വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ നേരിട്ടു.
ഫാറൂഖ് കോളേജ് വെനെറിനി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് 7.30 ആയിട്ടും മോക് പോള്‍ നടത്തിയില്ല. യന്ത്രം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. ആലുവ ചെങ്ങമനാട് 63-ാം നമ്പര്‍ ബൂത്തിലും യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകുകയാണ്.












Click it and Unblock the Notifications