'ശബരിമലക്ക് സമാനമായ അവസരം വന്നിരിക്കുന്നു, മുതലാക്കണം'; അമ്മമാര്‍ തെരുവിലിറങ്ങണമെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്ത് ശബരിമലക്ക് സമാനമായ അവസരമാണ് കൈവന്നിരിക്കുന്നത് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അത് മുതലാക്കാന്‍ സാധിക്കണം എന്നും 2024 ലും ബി ജെ പി തന്നെ അധികാരത്തില്‍ വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നാലെ ഉടലെടുത്ത മിത്ത് വിവാദം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുക എന്നാണ് ബി ജെ പിയുടെ ഉദ്ദേശ്യം.
മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല കാലത്തെ സമരത്തിന്റെ ഗുണഭോക്താക്കളായത് മറ്റ് ചിലരാണെന്നും എന്നാല്‍ ഇത്തവണ അതുണ്ടാകരുത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷംസീറിനെ അലവലാതി എന്നും സുരേന്ദ്രന്‍ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചു. സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'നിരവധി പ്രശ്‌നങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ശബരിമലക്ക് സമാനമായ സ്ഥിതി വന്നിരിക്കുകയാണ്. ഗണപതി മിത്താണെന്ന്. അള്ളാഹു നല്ലതാണ്. സ്വര്‍ഗത്തില്‍ ചെന്നവര്‍ക്കൊക്കെ ഹൂറിമാരെ കാണാം. ആരാണ് ഹൂറിമാരെ കണ്ടത് എന്ന് സുകുമാരന്‍ നായര്‍ ചോദിച്ചില്ലേ. അതിനെ പറ്റി ഷംസീറിനെ പോലുള്ള അലവലാതികള്‍ക്ക് ഒന്നും പറയാനില്ല. എന്താണ് അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഗണപതി ഒരു മിത്താണ്.
എന്നിട്ട് അയാള്‍ അടുത്ത ദിവസം പറയുകയാണ് 30 ദിവസം നോമ്പെടുക്കുന്നതിനെ പറ്റി. ചന്ദ്രനെ കണ്ട് പെരുന്നാള്‍ തീരുമാനിക്കുന്നതിനെ പറ്റി. എങ്ങനെയാണ് ഒരു സ്പീക്കര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികളോടാണ് സംസാരിച്ചിരിക്കുന്നത്. എന്താണ് അയാളെ നയിക്കുന്ന ഘടകം. എന്താണ് അയാള്‍ മനസിലാക്കിയിരിക്കുന്നത്. ഇങ്ങനെ ഒരു അന്യമതദ്വേഷം. അയ്യപ്പന്‍ കല്യാണം കഴിച്ചു എന്നായിരുന്നു വേറൊരുത്തന്‍ പറഞ്ഞത്.
അയ്യപ്പന്‍ കല്യാണം കഴിച്ചോ എന്ന് നോക്കുന്നതാണോ ഇവരുടെ ജോലി. ഇപ്പോള്‍ പറയുന്നു ഗണപതി ഒരു മിത്താണെന്ന്. മനുഷ്യന്റെ രൂപവും ആനയുടെ തലയും. ഇവനെയൊക്കെ കണ്ടാല്‍ കാണ്ടാമൃഗത്തിനേക്കാള്‍ വലിയ തൊലിക്കട്ടിയാണ്. ഇവനൊക്കെ മടമ്പിന് മേലെ മുണ്ടുടുത്ത് 30 ദിവസം നോമ്പെടുത്ത് എല്ലാ ദിവസവും പള്ളിയില്‍ പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്. എന്തൊരുതരം വ്യവസ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്.
ഇത്രയും മോശമായ ഒരു സംവിധാനം എങ്ങനെയാണ് കേരളത്തില്‍ ഉണ്ടാകുന്നത്. അമ്മമാര്‍ വീണ്ടും തെരുവിലിറങ്ങണം. ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ് വീണ്ടും നിങ്ങള്‍ക്ക് തെരുവിലിറങ്ങാനുള്ള സമയമായി. ശബരിമല കാലത്ത് തെരുവിലിറങ്ങിയതിനേക്കാള്‍ നൂറുമടങ്ങ് ശക്തിയില്‍ നമ്മുടെ വിഘ്‌നേശ്വരന്റെ ശക്തി സംരക്ഷിക്കാന്‍ തയ്യാറാകണം. അമ്മമാരുടെ ശക്തിയാണ് അന്ന് തോറ്റോടിയതിന് പിന്നില്‍.
അന്ന് ജയിലില്‍ കിടന്നതും ലാത്തിചാര്‍ജ് കൊണ്ടതും ആണുങ്ങളാണെങ്കിലും നിങ്ങളുടെ ശക്തിയാണ് അന്ന് ശബരിമലയില്‍ നിന്ന് തോറ്റോടാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചത് എന്ന് നിങ്ങള്‍ മറക്കരുത്. ആ അമ്മമാരുടെ ശക്തി നമ്മള്‍ അവസാനിപ്പിച്ചിട്ടില്ല. നമ്മള്‍ വീണ്ടും പുറത്തെടുക്കുകയാണ് എന്ന് കാണിച്ച് കൊടുക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. എട്ട് മാസം കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്.
ഇത്രയും സ്ത്രീവിരുദ്ധമായ, വിവേചനപരമായ, വര്‍ഗീയമായ നിലപാടുകള്‍ സ്വീകരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പോരടിക്കാന്‍ കാത്തിരിക്കുകയാണ്. ശബരിമലയില്‍ നമ്മള്‍ തല്ല് കൊണ്ടു, നമ്മുടെ അമ്മമാരെ കേസില്‍ കുടുക്കി പക്ഷെ ഗുണഭോക്താക്കളായത് വേറെ ചിലരാണ്. അത് ഈ നാട്ടിലെ അമ്മമാര്‍ മനസിലാക്കണം.
ഇത്തവണ അങ്ങനെയുള്ള കഴുകന്‍മാര്‍ക്ക് മുതലെടുക്കാനുള്ള അവസരം ഉണ്ടാവരുത്. ഏത് വീട്ടില്‍ പോയാലും അമ്മമാര്‍ പറയും അവര്‍ക്കിഷ്ടം നരേന്ദ്ര മോദിയെ ആണ് എന്ന്. ഗുരുവായൂരപ്പനെ സ്‌നേഹിക്കുന്നത് പോലെയാണ് നമ്മുടെ സ്ത്രീകള്‍ നരേന്ദ്ര മോദിയെ ആരാധിക്കുന്നത്'.












Click it and Unblock the Notifications