Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ബിജെപി ലക്ഷ്യം 6 സീറ്റുകൾ; തിരുവനന്തപുരത്ത് നിർമ്മല? തൃശൂരിൽ സുരേഷ് ഗോപി..ചർച്ചകൾ ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആറ് മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേഗം കൂട്ടി ബിജെപി. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, കാസർഗോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്.

ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് തന്നെയാണ് സാധ്യത കൂടുതൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയായിരുന്നു മണ്ഡലത്തിൽ മത്സരിച്ചത്. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്.

bjpkerala-

മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചിരുന്നു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സിപിഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തിൽ വിജയിച്ചത്.

ഇത്തവണ തുടക്കം മുതൽ തന്നെ സുരേഷ് ഗോപിയുടെ പേരാണ് മണ്ഡലത്തിൽ ചർച്ചയായത്. തുടർച്ചയായി പരാജയം രുചിച്ചിട്ടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി സജീവമാക്കിയിരുന്നു. മാത്രമല്ല, പാർട്ടി സർവ്വേകളും മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ ജനപ്രീതി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രവർത്തനം നടത്തിയാൽ സുരേഷ് ഗോപിയിലൂടെ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.

ബിജെപി ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തിരുവനന്തപുരം ആണ്. ഇവിടെ നിന്ന് കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി.

ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്. ഓഖി ദുരന്തമുണ്ടായ വേളയില്‍ സംസ്ഥാനത്ത് എത്തി അന്ന് നിര്‍മല നടത്തിയ നീക്കം വലിയ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അവർ സ്വീകരിക്കപ്പെടുമെന്നാണ് നേതൃത്വം കരുതുന്നത്. മാത്രമല്ല തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ് നിർമല. അതിനാൽ പുറത്ത് നിന്നൊരാൾ എന്ന വികാരം വോട്ടർമാർക്കിടയിൽ ഉണ്ടാകാൻ ഇടയില്ലെന്നും നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ നിർമല എത്തിയാലും തരൂരിനെ വീഴ്ത്താനാകുമോയെന്നാണ് ഉയരുന്ന ചോദ്യം.

കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടിയുടെ ശക്തി കേന്ദ്രമാണ് തിരുവനന്തപുരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും അട്ടിമറി തീർക്കുമെന്ന വിലയിരുത്തലുകളെ നിഷ്പ്രഭമാക്കി ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു തരൂരിന്റെ വിജയം. ഇത്തവണയും തരൂർ ഇറങ്ങിയാൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

അതിനിടെ ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. ഇത്തവണ മണ്ഡലത്തിൽ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രന് ജനപിന്തുണയുള്ള മറ്റ് മണ്ഡലം പരിഗണിക്കാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

പത്തനംതിട്ടയിൽ ജനകീയ മുഖങ്ങളെയോ നേതാക്കളെയോ പരിഗണിക്കണമെന്നതാണ് പാർട്ടിയിൽ ഉയരുന്ന നിർദ്ദേശം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇവിടെ നിന്ന് മത്സരിച്ചത്. ആന്റോ ആന്റണിയാണ് ഇവിടെ ജയിച്ചതെങ്കിലും സുരേന്ദ്രന്റെ വരവ് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയത്. ഇത്തവണയും സുരേന്ദ്രന്റെ പേര് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. ഗവർണർ സ്ഥാനത്ത് നിന്ന് തിരികെയെത്തിയ കുമ്മനം രാജശേഖരനെ പത്തനംതിട്ടയിൽ നിന്ന് മത്സരിപ്പിക്കണമെന്നതാണ് ആർഎസ്എസിന്റെ ആവശ്യം.

നടൻ ഉണ്ണി മുകുന്ദന്റെ പേരും മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നുണ്ട്. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അയ്യപ്പന്റെ റോൾ അവതരിപ്പിച്ചത് വലിയ സ്വീകാര്യത നേടാൻ കാരണമായിരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഇത് അനുകൂലഘടകമാണെന്നാണ് ബിജെപി കരുതുന്നത്. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ നേരത്തേ ഉണ്ണി മുകുന്ദൻ തള്ളിയിരുന്നു.

എറണാകുളത്ത് നിന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണിയെ മത്സരിപ്പിക്കുന്നത് ബിജെപി പരിഗണിക്കുന്നുണ്ട്.എറണാകുളത്ത് അല്ലെങ്കിൽ മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് അനിലിനെ പരിഗണിച്ചേക്കും. അതേസമയം ബിജെപിക്ക് കൂടുതൽ വോട്ടുകൾ ഉള്ള മറ്റൊരു മണ്ഡലമായ കാസർഗോഡ് പികെ കൃഷ്ണദാസിന്റേയോ കെ ശ്രീകാന്തിന്റേയോ പേരാണ് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+