'കേരളത്തിലെ ദുരന്തമുഖത്ത് രക്ഷക്കായി ആദ്യമെത്തുന്നത് ബിജെപിക്കാര്‍'; ഇഡി സ്വതന്ത്രമെന്ന് മോദി
തിരുവനന്തപുരം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വിജയിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ബാലികേറാമലയല്ല ദക്ഷിണേന്ത്യ. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും എന്നും മോദി പറഞ്ഞു. കമ്മീഷന്റെ കാലം കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സൗജന്യമല്ല, ശാക്തീകരണമാണ് രാജ്യത്തിന് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷത്തെ വേട്ടയാടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു.

ഇഡി അടക്കം എല്ലാ അന്വേഷണ ഏജന്‍സികളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിയോ സര്‍ക്കാരോ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം കള്ളമാണ്,' മോദി പറഞ്ഞു.
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ല എന്നും മോദി പറഞ്ഞു. കരുവന്നൂര്‍ അടക്കം സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ശക്തമായ അന്വേഷണം നടക്കും. പിണറായി വിജയനോടും കുടുംബത്തോടും യാതൊരു മൃദുസമീപനവും ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോയിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ എന്ത് പ്രകൃതിദുരന്തമുണ്ടായാലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ബിജെപിക്കാരാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ക്രിസ്ത്യന്‍ വിഭാഗവുമായി തങ്ങള്‍ക്ക് അടുപ്പമില്ല എന്ന പ്രചരണത്തില്‍ കഴമ്പില്ല എന്നും എന്നാല്‍ ക്രിസ്ത്യന്‍ സമുദായങ്ങളോട് അടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ ഇടപെടണമെന്ന് ബിഷപ്പുമാര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.
'എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരുണ്ട്. പിന്തുണ നല്‍കാത്ത ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ കുറ്റപ്പെടുത്തുന്നില്ല,' മോദി പറഞ്ഞു.
ക്രിസ്ത്യന്‍ നേതാക്കളും ബിഷപ്പുമാരും വര്‍ഷത്തില്‍ അഞ്ചോ ആറോ വട്ടം തന്നെ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ള പ്രചാരണങ്ങളില്‍ നിരാശരാണ് കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികളെന്നും ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയല്ലേ എന്നും അദ്ദേഹം ചോദിച്ചു. കേരള ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തടയുന്നത് അന്തസുള്ള പ്രവര്‍ത്തനമായാണോ ഇടത് രാഷ്ട്രീയക്കാര്‍ കാണുന്നത്. ഗവര്‍ണര്‍ ഇതുവരൈ തന്നോട് ഈ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാം സഹിക്കുന്നയാളാണ് എന്നും മോദി പറഞ്ഞു.
രാജ്ഭവന് കിട്ടേണ്ട പണം സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെക്കുന്ന അവസ്ഥയുണ്ടായി. അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിച്ഛേദിച്ചാല്‍ എന്താകും അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications