Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് കരുത്തുണ്ടായിരുന്നെങ്കില്‍ 'ഇന്ത്യ' സഖ്യം ഭരിച്ചേനെ; ബിജെപിയെ സഹായിച്ചത് കോണ്‍ഗ്രസെന്ന് സ്വരാജ്

കോഴിക്കോട്: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ വോട്ട് കൊണ്ടാണ് എന്ന് സിപിഎം നേതാവ് എം സ്വരാജ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ ഇത്തവണ അവര്‍ എന്‍ഡിഎയ്ക്ക് സംഭാവന നല്‍കിയെന്ന് സ്വരാജ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സ്വരാജിന്റെ പ്രതികരണം. സംസ്ഥാനത്ത് കുറച്ച് കൂടി മെച്ചപ്പെട്ട പ്രകടനം എല്‍ഡിഎഫ് അര്‍ഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഉറപ്പായി. ഭരണഘടനയെ തകര്‍ക്കാനോ മതരാഷ്ട്ര പ്രഖ്യാപനം നടത്താനോ തല്‍ക്കാലം സംഘപരിവാരത്തിന് സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യബോധവും പ്രായോഗിക ബുദ്ധിയും ഉള്ള കരുത്തുറ്റ നേതൃത്വം കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കില്‍ 'ഇന്ത്യ കൂട്ടായ്മ' അധികാരത്തിലെത്തുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

2024 LOKSABHA ELECTION

സ്വരാജിന്റെ വാക്കുകള്‍

ഇന്ത്യ തകരില്ല.
വിജയങ്ങള്‍ പല വിധത്തിലുണ്ട്. വിജയികള്‍ക്ക് ആഹ്ലാദിക്കാനോ ആവേശം കൊള്ളാനോ യാതൊരു വകയും നല്‍കാത്ത നിറം മങ്ങിയ വിജയത്തിന് ഉദാഹരണമാണ് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി യുടെ വിജയം. രാജ്യത്തെ നാണം കെടുത്തിയ വര്‍ഗ്ഗീയ പ്രചരണത്തിനു ശേഷം നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവര്‍ക്ക് മുന്നൂറ് തികയുന്നില്ല. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഉറപ്പായിരിക്കുന്നു.

ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെ 'പുതിയ' സഖ്യകക്ഷികളുടെ തണലില്‍ എത്ര നാള്‍ ഭരിക്കും.? അതോ പതിവുപോലെ പണക്കിഴിയുമായി ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ഇറങ്ങുമോ ? കാത്തിരുന്നു കാണാം.
ഏതായാലും ഒന്നുറപ്പായിരിക്കുന്നു. ഭരണഘടനയെ തകര്‍ക്കാനോ മതരാഷ്ട്ര പ്രഖ്യാപനം നടത്താനോ തല്‍ക്കാലം സംഘപരിവാരത്തിന് സാധിക്കില്ല.

സ്വന്തം പേര് ആവര്‍ത്തിച്ചു കൊണ്ട് 'ഗാരണ്ടിയെന്ന് ' ആക്രോശിക്കുകയും സ്വയം ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ ബി ജെ പിയെ കയ്യൊഴിയുന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറി. വിശ്വാസത്തെ മറയാക്കി ഇന്ത്യയെ ചൂഷണം ചെയ്യാനുള്ള നീക്കം ഫൈസാബാദിലെ ജനങ്ങള്‍ തോല്‍പിച്ചതും കാണാതിരുന്നു കൂടാ.

യാഥാര്‍ത്ഥ്യബോധവും പ്രായോഗിക ബുദ്ധിയും ഉള്ള ഒരു കരുത്തുറ്റ നേതൃത്വം കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കില്‍ 'ഇന്ത്യ കൂട്ടായ്മ' ഭൂരിപക്ഷം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
പിന്നെ, കേരളം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊതുവെ പ്രകടമാവുന്ന വലതുപക്ഷ ചായ്വ് ഇത്തവണയും കേരളത്തില്‍ തുടര്‍ന്നു.

2024 LOKSABHA ELECTION

കഴിഞ്ഞ തവണ എല്‍ ഡി എഫിന് ഒരു സീറ്റാണ് ലഭിച്ചത്. ഇത്തവണയും ഒരു സീറ്റ്. ആറ്റിങ്ങലില്‍ വിജയത്തോളമെത്തിയ പരാജയമാണുണ്ടായത്. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. ഇതിനു മുമ്പ് 2004 ല്‍ എന്‍ ഡി എ ഒരു സീറ്റില്‍ ജയിച്ചിരുന്നു. മൂവാറ്റുപുഴയില്‍. പക്ഷേ പിന്നീടൊരിക്കലും അവിടെയവരുടെ പൊടി പോലും കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുമില്ല. തൃശൂരിലെ എന്‍ ഡി എ വിജയത്തിന്റെ കാരണം തേടി അലയേണ്ടതില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ ഇത്തവണ അവര്‍ എന്‍ ഡി എ യ്ക്ക് ഉദാരമായി സംഭാവന നല്‍കി. അങ്ങനെ തൃശൂരിലെ എന്‍ ഡി എ വിജയം ഉറപ്പാക്കിയത് കോണ്‍ഗ്രസാണ്. കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് അര്‍ഹിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. ജനവിധി അംഗീകരിക്കുന്നു. മികച്ച വിജയം ലഭിക്കാതെ പോയതെന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കും.

പിശകുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകളുണ്ടെങ്കില്‍ അവരെ വസ്തുതകള്‍ ബോധ്യപ്പെടുത്തും. ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കും. 1977ല്‍ പൂജ്യം സീറ്റു നേടിയ പാര്‍ട്ടി 1980 ല്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയായി മാറിയത് അങ്ങനെയാണ്. 2019ല്‍ ഒരു സീറ്റ് മാത്രം നേടിയ പാര്‍ട്ടി 2021ല്‍ തുടര്‍ഭരണം നേടിയതും അങ്ങനെ തന്നെയാണ്. ഒരു തിരഞ്ഞെടുപ്പും അവസാനത്തേതല്ല.
സമരം തുടരും.
മുന്നേറും.
വിജയിക്കും.
തീര്‍ച്ച.
- എം സ്വരാജ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+