ലോക്സഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയ തന്ത്രം കേരളത്തിൽ പയറ്റാൻ കോൺഗ്രസും..അന്നും ഗുണം ചെയ്തു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്. സ്ഥാനാർത്ഥികളെ വേഗം തീരുമാനിക്കുന്നത് നേട്ടം കൊയ്യാൻ സഹായിക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
അടുത്തിടെ നടന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ തന്ത്രമായിരുന്നു ആവിഷ്കരിച്ചത്. വളരെ നേരത്തേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും മണ്ഡലത്തിൽ നേതാക്കൾ സജീവമാകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടാൻ ഇത് സഹായകമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതേ തന്ത്രം ലോക്സഭ തിരഞ്ഞെടുപ്പിലും പയറ്റാനാണ് ബി ജെ പി ഒരുങ്ങുന്നത്. കോൺഗ്രസും ഈ രീതി പിന്തുടരണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്.

നേരത്തേ കേരളത്തിൽ തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ വളരെ വേഗത്തിൽ പ്രഖ്യാപിച്ചിരുന്നു. പതിവ് കോൺഗ്രസ് രീതികളിൽ നിന്ന് വ്യത്യസ്തമായി തർക്കങ്ങളൊന്നും ഇല്ലാതെ ഒറ്റക്കെട്ടായിട്ടായിരുന്നു പ്രഖ്യാപനം. ഇത് നേട്ടമായെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.
ഇക്കുറി സിറ്റിംഗ് എംപിമാരെ തന്നെയാണ് മത്സരത്തിന് ഇറക്കുന്നത് എന്നതിനാൽ വലിയ ചർച്ചകൾ ആവശ്യമില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എംപിമാരുടെ പ്രകടനവും വിലയിരുത്തിയുള്ള സർവേ റിപ്പോർട്ട് എഐസിസിയുടെ പക്കലുണ്ട്.അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ സ്ഥാനാർത്ഥികളെ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനിക്കും.
കെ പി സി സി പ്രസിഡന്റ് പദം ഏറ്റെടുത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കണ്ണൂരിൽ നിന്നുള്ള സിറ്റിങ് എം പി കെ സുധാകരൻ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇത്തരത്തിൽ മാറി നിന്നിരുന്നു. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളും സുധാകരൻ നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാന്റ് നിലപാട് കാത്തിരിക്കുകയാണ് നേതൃത്വം. സുധാകരൻ മാറിയാൽ യുവ നേതാക്കളെയാകും മണ്ഡലത്തിൽ പരിഗണിച്ചേക്കുകയെന്നാണ് സൂചന. കണ്ണുതെറ്റിയാൽ കൈവിട്ടുപോകുന്ന മണ്ഡലമാണ് കണ്ണൂർ അതുകൊണ്ട് തന്നെ ഇത്തവണ സുധാകരന് പകരക്കാരനായി തലയെടുപ്പുള്ള നേതാവ് തന്നെ എത്തണമെന്ന അഭിപ്രായവും കോൺഗ്രസിൽ ഉണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ തുടരുമോയെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുൽ തന്നെ മത്സരിക്കുമെന്നതാണ് ഇതുവരെയുള്ള കണക്ക് കൂട്ടൽ. അതേസമയം ഇന്ന് ചേരുന്ന കോൺഗ്രസ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് കൈമാറിയേക്കും. പ്രഖ്യാപനം വരുന്നതിന് മുൻപേ തന്നെ പൂർണമായും തയ്യാറായി ഇരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.












Click it and Unblock the Notifications